തിരുവനന്തപുരം: കൊവിഡ് രണ്ടാംവ്യാപനം ശക്തമായ സാഹചര്യത്തിൽ ശനിയാഴ്ചകളിൽ ബാങ്കുകൾക്ക് അവധി നൽകണമെന്ന് ബാങ്ക് ഒാഫീസേഴ്സ് കോൺഫെഡറേഷൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. നേരത്തെ കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ശനിയാഴ്ചകളിൽ അവധി നൽകിയിരുന്നു. നിലവിൽ രണ്ട്, നാല് ശനിയാഴ്ചകളിൽ മാത്രമാണ് അവധിയുള്ളത്. ഇതിന് പുറമെ ബാങ്കുകളുടെ പ്രവർത്തന സമയം കൊവിഡ് ബാധിത മേഖലകളിൽ കുറയ്ക്കണമെന്നും സംസ്ഥാന സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഡൻ നൽകിയ നിവേദനത്തിൽ അഭ്യർത്ഥിച്ചു.ഇതേ ആവശ്യമുന്നയിച്ച് സംസ്ഥാന തല ബാങ്കേഴ്സ് സമിതിക്കും നിവേദനം നൽകിയിട്ടുണ്ട്.