തിരുവനന്തപുരം : കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന് വീണ്ടും രംഗത്തിറങ്ങാൻ ആയുഷ് വകുപ്പിന് നിർദേശം. ആയുഷ് വകുപ്പിനെ അകറ്റി നിറുത്തുന്നതായി ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രി കെ.കെ. ശൈലജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ നിർദ്ദേശം. ആരോഗ്യവകുപ്പുമായി ചേർന്ന് കൊവിഡ് പ്രതിരോധത്തിന് 'സേവ് കാമ്പയിൻ' ആരംഭിക്കും.
സ്വാസ്ഥ്യം, സുഖായുഷ്യം, ക്വാറന്റൈനിലുള്ളവർക്ക് അമൃതം, കൊവിഡാനന്തര ചികിത്സാ പദ്ധതിയായ പുനർജനി, ഭേഷജം പദ്ധതികൾ സർക്കാർ ആയുർരക്ഷാ ക്ലിനിക്കുകൾ വഴി ലഭ്യമാക്കുന്നത് വ്യാപകമാക്കും. സർക്കാർ ആയുർവേദ മെഡിക്കൽ കോളേജുകളിൽ നിന്നും, മറ്റ് സർക്കാർ ആയുർവേദ ആശുപത്രികളിൽ നിന്നും കൊവിഡ് മുക്തരുടെ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സ്പെഷ്യാലിറ്റി ചികിത്സയും ലഭ്യമാക്കും.
ഹോമിയോ മരുന്നും
കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മാർഗവും സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സർക്കാർ ഹോമിയോ ആശുപത്രികളും ഡിസ്പെൻസറികളും ഹോമിയോ കോളേജുകൾ വഴിയുള്ള മരുന്ന് വിതരണം കാര്യക്ഷമമാക്കും.