തിരുവനന്തപുരം : കൊവിഡിൻെറ രണ്ടാം വ്യാപനം രൂക്ഷമായിരിക്കെ, അതിവേഗത്തിൽ കൂടുതൽ രോഗികളെ കണ്ടെത്താൻ കഴിഞ്ഞ വെള്ളി,ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് സംഘടിപ്പിച്ച കൂട്ടപ്പരിശോധനയിൽ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വലിയ മുന്നേറ്റമില്ല.
രോഗവ്യാപനം രൂക്ഷമാകുന്ന ഘട്ടത്തിൽ കൃത്യമായ ഫലം ലഭിക്കുന്ന ആർ.ടി.പി.സി.ആർ പരിശോധനയെ കൂടുതലായി ആശ്രയിക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം . ഇതിൻെറ പശ്ചാത്തലത്തിൽ, 75,000 ആർ.ടി.പി.സി.ആർ ഉൾപ്പെടെ പ്രതിദിന പരിശോധന ഒരു ലക്ഷമായി ഉയർത്തുമെന്ന് കഴിഞ്ഞ ജനുവരിയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത്തരമൊരു നിർണായക ഘട്ടത്തിലും അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല. 3,00,971 സാമ്പിളുകളാണ് ആകെ ശേഖരിച്ചത്. ഇതിൽ 1,54,775 പേരെ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ, 1,44,397 പേരിൽ ആന്റിജൻ പരിശോധനയും നടത്തി. അവശേഷിക്കുന്ന 1799 സാമ്പിളുകൾ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് വിവിധതരം നാറ്റ് പരിശോധനകൾക്കും വിധേയമാക്കി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, കാസർകോട് ഒഴികെ 9 ജില്ലകളിലും ഭൂരിഭാഗവും ആന്റിജൻ പരിശോധനയാണ് നടന്നത്.
ആർ.ടി.പി.സി.ആർ ശക്തിപ്പെടുത്തണം
25 ലാബുകളിലായി പ്രതിദിനം മുപ്പതിനായിരം ആർ.ടി.പി.സി.ആർ പരിശോധന നടത്താനുള്ള
സംവിധാനം മാത്രമാണ് സർക്കാർ മേഖലയിലുള്ളത്. 59 സ്വകാര്യ ലാബുകളിലും ആർ.ടി.പി.സി.ആർ സൗകര്യമുണ്ട്.
ആർ.ടി.പി.സി.ആറിന് പ്രാധ്യാന്യം നൽകി പരിശോധനാ സംവിധാനങ്ങൾ വിപുലീകരിച്ചാൽ കൊവിഡ് രണ്ടാംതരംഗം ആഞ്ഞടിക്കുന്നതിനിടെ സംസ്ഥാനത്തിന് കൃത്യമായ ദിശാബോധത്തോടെ പ്രതിരോധവുമായി മുന്നോട്ട് പോകാനാകും
ആകെ 3,00,971 സാമ്പിൾ
ആർ.ടി.പി.സി.ആർ 1,54,775
ആന്റിജൻ 1,44,397
നാറ്റ് പരിശോധന 1799
ജില്ലതിരിച്ച് ആർ.ടി.പി.സി.ആർ -ആൻറിജൻ പരിശോധനകളുടെ എണ്ണം
തിരുവനന്തപുരം 22,284 - 6,245 കൊല്ലം 14,436 - 9,825, പത്തനംതിട്ട 5,842-10,029, ആലപ്പുഴ 11,436 -12,502, കോട്ടയം 10,645 -4,937, ഇടുക്കി 2,545- 8,771, എറണാകുളം 16,574- 20,044, തൃശ്ശൂർ 10,468- 12,448, പാലക്കാട് 7,488 -10,389
മലപ്പുറം 12,953 - 13,297,കോഴിക്കോട് 24,842-14,723,വയനാട് 1,751- 7,140, കണ്ണൂർ 9,448-10,172, കാസർകോട് 4081 - 3,875