mukkam-vaccine

മുക്കം: കൊവിഡ് പ്രതിരോധത്തിനുള്ള വാക്‌സിൻ വിതരണം വ്യാപിപ്പിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ നടപടി ആരംഭിച്ചതോടെ വാക്‌സിൻ വിതരണ കേന്ദ്രങ്ങളിൽ വൻ തിരക്ക്. 45 വയസിന് മുകളിലുള്ള എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ് നൽകാനാണ് സർക്കാർ നിർദ്ദേശപ്രകാരം നടപടിയാരംഭിച്ചത്. ഇതിനായി ആശുപത്രികൾക്ക് പുറമെ സ്‌കൂളുകൾ പോലുള്ള സ്ഥാപനങ്ങളിൽ മെഗാവാക്‌സിനേഷൻ ക്യമ്പുകൾ സംഘടിപ്പിക്കുകയാണ്. ഇതോടെ പല കാരണങ്ങളാൽ
കുത്തിവയ്പ്പ് എടുക്കുന്നതിൽ നിന്ന് മാറി നിന്നവരും പ്രതിരോധ വാക്‌സിൻ സ്വീകരിക്കാൻ എത്തി തുടങ്ങിയിട്ടുണ്ട്.

മുക്കം നഗരസഭയിൽ തിങ്കളാഴ്ച സി.എച്ച്.സിക്ക് പുറമെ അഞ്ചു കേന്ദ്രങ്ങളിൽ വാക്‌സിൻ വിതരണം നടത്തി. മൂന്നു വാർഡുകൾക്ക് ഒന്ന് എന്ന തോതിലാണ് വാക്‌സിൻ വിതരണ കേന്ദ്രങ്ങൾ ഒരുക്കുന്നത്. ചൊവ്വാഴ്ചയും അഞ്ചു കേന്ദ്രങ്ങളിൽ വാക്‌സിൻ വിതരണം നടത്തുന്നുണ്ട്.
ഇന്നലെ ആറ് കേന്ദ്രങ്ങളിലായി 2247 പേർക്ക് വാക്‌സിൻ നൽകി. മണാശേരി സ്‌കൂളിൽ നടത്തിയ ക്യാമ്പിൽ 800 ലധികമാളുകൾ എത്തിയെങ്കിലും തിരക്കു കാരണം കുറേ പേർ മറ്റു കേന്ദ്രങ്ങളിലേയ്ക്ക് മാറുകയായിരുന്നു. 690 പേരാണ് ഇവിടെ നിന്ന് കുത്തിവയ്‌പ്പെടുത്തത്. അഗസ്ത്യൻമുഴി സൂളിൽ 431 പേർക്കും മുക്കം സി.എച്ച്.സിയിൽ 151 പേർക്കുമാണ് വാക്‌സിൻ നൽകിയത്. ചേന്ദമംഗലൂർ സ്‌കൂളിൽ 530 പേർ രജിസ്റ്റർ ചെയ്തങ്കിലും 411 പേരാണ് കുത്തിവയ്‌പ്പെടുത്തത്. കച്ചേരി എൽ.പി. സ്‌കൂളിൽ 270 പേരും കുറ്റിപ്പാല മദ്രസയിൽ 294 പേരുമാണ് കുത്തിവയ്‌പ്പെടുത്തത്.
വിവിധ സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള നഴ്‌സുമാരും സഹായത്തിനെത്തിയിരുന്നു. നഗരസഭയുടെ ഹെൽത്ത് ഇൻസ്പെക്ടറും ജെ.എച്ച്.ഐമാരും ക്യാമ്പ് സന്ദർശിച്ചു. എല്ലാ കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പൊലീസ് എത്തി തിരക്ക് നിയന്ത്രിക്കേണ്ടി വരുന്നുണ്ട്. പൊലീസും ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഏകോപിച്ച് പ്രവർത്തിച്ചാൽ കാര്യങ്ങൾ എളുപ്പമാവും. വാക്‌സിൻ ക്ഷാമവും ഇന്റർനറ്റ് മുടക്കവും മറ്റും ചില്ലറപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും 45 ന് മുകളിൽ പ്രായമായ ഏതാണ്ടെല്ലാവർക്കും ഒരാഴ്ചയ്ക്കുള്ളിൽ വാക്‌സിൻ നൽകാൻ കഴിയുമെന്ന പ്രതീക്ഷയാണ് അധികൃതർക്ക്.