space

പ്രപഞ്ചത്തിൽ ജീവനുള്ള ഒരേയൊരു ഗ്രഹമാണോ ഭൂമി ? അതോ ഭൂമിയ്ക്ക് സമാനമായി മറ്റ് ഗ്രഹങ്ങൾ കാണാമറയത്തുണ്ടോ ? അവിടെ മനുഷ്യരെ പോലെയുള്ളവരാകുമോ ? ഇങ്ങനെയൊക്കെ ആലോചിക്കാത്തവർ ചുരുക്കമായിരിക്കും. ഭൂമിയും സൂര്യനും സൗരയൂഥവും ആകാശഗംഗയും കോടാനുകോടി നക്ഷത്രങ്ങളും ഗ്യാലക്സികളും ഗ്രഹങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന പ്രപഞ്ചത്തെ പോലെ തന്നെ അനന്തമാണ് ഈ ചോദ്യങ്ങളും അവയുടെ ഉത്തരം കണ്ടെത്താനുള്ള മനുഷ്യന്റെ ആവേശവും.

ഭൂമിയ്ക്ക് പുറത്ത് ജീവന്റെ സാന്നിദ്ധ്യം തേടി ആരംഭിച്ച ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കനുസരിച്ച് നൂതന വഴികളാണ് തുറക്കപ്പെടുന്നത്. അത്തരത്തിൽ ശാസ്ത്രലോകത്തിന് ഭൂമിയ്ക്ക് പുറത്തെ ജീവന്റെ സാന്നിദ്ധ്യത്തെ പറ്റി നിർണായക തെളിവുകൾ നൽകാൻ സാധിച്ചേക്കുമെന്ന് കരുതുന്ന ഒരു പദ്ധതി യാഥാർത്ഥ്യമാവുകയാണ്.

നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി എന്നിവയുടെ സംയുക്ത സംരംഭമായ ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പാണത്. അന്യഗ്രഹങ്ങളിലെ ജീവന്റെ സാന്നിദ്ധ്യം ഇതിന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. 13 ബില്യൺ പ്രകാശവർഷം അകലെയുള്ള വസ്തുക്കളെ വീക്ഷിക്കാൻ ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പിന് കഴിയും. ഇതിലൂടെ വാതകക്കുള്ളൻ ഗ്രഹങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിലെ രാസ അമോണിയ പോലെയുള്ള ജീവന്റെ അടയാളങ്ങൾ കണ്ടെത്താനുള്ള വഴി തുറക്കപ്പെടുമെന്നാണ് പ്രതീക്ഷ. അടുത്ത അഞ്ച് മുതൽ പത്ത് വർഷത്തിനുള്ളിൽ തന്നെ ഇത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനാകുമെന്നാണ് കരുതുന്നത്.

ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും ശക്തവുമായ സ്പേസ് ടെലിസ്കോപ്പുകളിലൊന്നാണ് ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പ്. വരുന്ന ഒക്ടോബർ 31ന് ഫ്രഞ്ച് ഗയാനയിൽ നിന്ന് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഏരിയൻ 5 റോക്കറ്റിൽ ജെയിംസ് വെബ്ബ് ടെലിസ്കോപ്പിനെ വിക്ഷേപിക്കാനാണ് പദ്ധതി. 15 വർഷം കൊണ്ട് പ്രാവർത്തികമായ ഈ ഇൻഫ്രാറെഡ് ടെലിസ്കോപ്പിന്റെ ചെലവ് ഏകദേശം 7.25 ബില്യൺ പൗണ്ടാണ്.

പ്രപഞ്ചത്തിലുടനീളം സഞ്ചരിച്ചെത്തുന്നതിന് പ്രകാശത്തിന് അനേകം വർഷങ്ങൾ വേണ്ടിവരുമെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഏകദേശം 13.6 ബില്യൺ വർഷങ്ങൾക്ക് മുമ്പുള്ള വസ്തുക്കളെയാണ് ടെലിസ്കോപ്പിന് കാണാൻ സാധിക്കുക. ആദിമ നക്ഷത്രങ്ങളും ഗാലക്സികളും രൂപപ്പെട്ട പ്രപഞ്ചോൽപത്തിയ്ക്ക് ശേഷം ഏതാണ്ട് 100 ദശലക്ഷം വർഷങ്ങൾക്ക് ശേഷമുള്ള കാഴ്ചയാണിത്. വിക്ഷേപണ ശേഷം ടെലിസ്കോപ്പ് ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെ സൂര്യനെ വലംവയ്ക്കും. വെറും 60 മണിക്കൂർ കൊണ്ട് ഗ്രഹങ്ങളെ നിരീക്ഷിച്ച് ജീവന്റെ സാന്നിദ്ധ്യമുണ്ടോ എന്ന് തിരിച്ചറിയാൻ ഈ ടെലിസ്കോപ്പിന് കഴിയും.