health

നമ്മുടെ നാട്ടിൽ പ്രചുരപ്രചാരം നേടിയ പഴഞ്ചൊല്ലുകളിലൊന്നാണല്ലോ 'ഉള്ളതുകൊണ്ട് ഒാണംപേലെ' എന്നത്. വലിയ വലിയ കാര്യങ്ങൾ നേടാനായി നെട്ടോട്ടമോടി ശാരീരികവും മാനസികവുമായ ആരോഗ്യം കളയുന്നതിനെക്കാൾ നല്ലത് ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷിച്ച് സംതൃപ്തിയോടെ കഴിയുക എന്നതാണ് അതിന്റെ ചുരുക്കം. എന്നാൽ ​ മാത്രമേ രോഗങ്ങളെ അകറ്റി ആരോഗ്യത്തോടെ കഴിയാൻ സാധിക്കൂ. കാരണം,​ ആരോഗ്യമെന്നത് മനസിനും ശരീരത്തിനും ഉണ്ടായിരിക്കേണ്ട അവശ്യഘടകമാണ്. ആരോഗ്യമുള്ള അവയവത്തിന് മാത്രമേ അതിന്റെ പ്രവൃത്തി ശരിയായി നിർവഹിക്കാൻ കഴിയൂ. എത്ര കിട്ടിയാലും തൃപ്തിപ്പെടാതെ അടുത്തതിന്റെ പിറകേ പായുന്ന ഒരാളുടെ മാനസികാരോഗ്യം ഒരിക്കലും മെച്ചമായിരിക്കില്ല.

അത്തരക്കാരുടെ ഓരോ ശരീരഭാഗവും ശരിയായി പ്രവർത്തിക്കുകയുമില്ല.

എത്ര കിട്ടിയാലും മതിവരാത്തതുപോലെ എത്ര മരുന്ന് കഴിച്ചാലും അസുഖം ഭേദമാകാത്തവരും നമുക്കിടയിലുണ്ട്. രോഗശമനത്തിനായി 'എത്ര മരുന്ന് വേണമെങ്കിലും ഞാൻ കഴിച്ചു കൊള്ളാം' എന്ന മനോഭാവമുള്ളവരുമുണ്ട്. നിർദ്ദേശിക്കുന്നതിനേക്കാൾ കൂടുതൽ മരുന്ന് കഴിക്കാൻ വ്യഗ്രത കാണിക്കുന്ന നിരവധിപേരെ ഡോക്ടർമാർ സ്ഥിരമായി ചികിത്സിക്കേണ്ടിവരാറുണ്ട്. മനസ് നിറയുന്ന വിധത്തിൽ മരുന്ന് വേണമെന്ന് പറയുന്ന രോഗികളോട് 'രോഗങ്ങളെ എത്രയുംവേഗം സുഖപ്പെടുത്തി രോഗത്തിന്റെയും ചികിത്സയുടെയും പിടിയിൽ നിന്ന് മോചിതനാകണമെന്ന് ആഗ്രഹമില്ലേ?' എന്ന് ചോദിക്കാൻ തോന്നിപ്പോകാറുണ്ട്. സൗജന്യമായി ലഭിക്കുന്ന മരുന്നാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇല്ലാത്ത രോഗങ്ങൾക്ക് വരെ ചികിത്സ ചെയ്തു കൊള്ളാമെന്നാണ് ഇക്കൂട്ടർ പറയുന്നത്.

ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ അധികമല്ലേ? ഇത്രയും മരുന്ന് കഴിക്കേണ്ടതുണ്ടോ? എന്നൊക്കെ സംശയിച്ച് ആവശ്യത്തിന് പോലും കഴിക്കാതെ മരുന്ന് ഒഴിവാക്കുന്നവരുമുണ്ട്.

ഏറ്റവും വിശ്വസ്തനായ ഡോക്ടറുടെ ചികിത്സ തേടുകയും അദ്ദേഹം പറയുന്നത് സന്തോഷത്തോടെ അനുസരിക്കുകയും ചെയ്താൽ തീരാവുന്നതേയുള്ളൂ ഇത്തരം സന്ദേഹങ്ങൾ.

രോഗത്തിന്റെ വിവിധ അവസ്ഥകളെക്കുറിച്ചും ചികിത്സയുടെ വിവിധ രീതികളെക്കുറിച്ചും രോഗിയുടെ സംശയങ്ങൾ ദൂരീകരിച്ചു കൊടുക്കേണ്ടതുണ്ട്. അവ കൃത്യതയോടെ രോഗികൾക്ക് നൽകിയാൽ അവരുടെ ആശയക്കുഴപ്പം മാറുകയും ശരിയായ തീരുമാനമെടുത്ത് മുന്നോട്ടുപോകാൻ സാധിക്കുകയും ചെയ്യും.

രോഗങ്ങളെക്കുറിച്ചുള്ള ധാരണയില്ലായ്മ പലപ്പോഴും രോഗികളിൽ ആകുലതയും ആശങ്കയും സൃഷ്ടിക്കാറുണ്ട്. ഇതും രോഗചികിത്സയ്ക്ക് ആവശ്യമായ മനോബലത്തെ കുറച്ചുകളയുന്നതുമാണ്. അൽപ്പം ശമനം ലഭിച്ചാലുടൻ മരുന്ന് നിർത്തിവയ്ക്കുകയും രോഗം വീണ്ടും വഷളാകുമ്പോൾ വെപ്രാളപ്പെടുകയും ചെയ്യുന്നവരും കുറവല്ല.

രോഗത്തെക്കുറിച്ചുള്ള കൃത്യമായ അറിവും ചികിത്സയിലുള്ള വിശ്വാസവും സുഖമാകുമെന്ന പ്രതീക്ഷയും സുഖപ്പെടുത്തുമെന്ന ധൈര്യവുമുണ്ടെങ്കിലേ രോഗശമനം എളുപ്പത്തിൽ സാദ്ധ്യമാകൂ. അല്ലാതെ എത്ര മരുന്ന് വേണമെങ്കിലും ഞാൻ സന്തോഷത്തോടെ കഴിച്ചുകൊള്ളാമെന്ന് തീരുമാനിക്കുകയല്ല വേണ്ടത്.

ശാരീരിക,​ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നത് രോഗശമനത്തിന് കൂടി പ്രയോജനപ്പെടുമെന്ന വസ്തുത ആയുർവേദചികിത്സയിൽ വളരെ ഫലപ്രദമായി സ്വീകരിച്ചുവരുന്ന നയമാണ്.