തൃശൂർ പൂരം തുടർച്ചയായ രണ്ടാം വർഷവും കാണാൻ കഴിയാതെ പോവുകയാണ്. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് പൂരം ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനമായത്. ഇതിനോട് യോജിച്ച തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട് അഭിനന്ദനം അർഹിക്കുന്നു.
കൊവിഡ് രണ്ടാം തരംഗം സർവശക്തിയുമെടുത്ത് ആഞ്ഞടിക്കുന്ന വേളയിൽ ഇതുപോലുള്ള തീരുമാനങ്ങൾ വേണ്ടിവരും. ആചാരങ്ങളും അനുഷ്ഠാനങ്ങളും പോലും മനുഷ്യരുടെ ജീവൻ ഉള്ളപ്പോൾ മാത്രമാണ് പ്രസക്തമാവുന്നത്. തൃശൂർ പൂരം കാണാൻ കഴിയാതെ പോകുന്നതിൽ തൃശൂർകാർക്കും പൊതുവെ കേരളീയർക്കും മാനസികമായ പ്രയാസമുണ്ടാകും. രോഗം പടരുമ്പോൾ ദേവസ്വങ്ങൾക്ക് ഇതല്ലാതെ മറ്റൊരു തീരുമാനം എടുക്കാനാവില്ല. ഇന്നത്തെ സന്ദർഭം ആവശ്യപ്പെടുന്നത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രോഗത്തെ നേരിടുക എന്നത് മാത്രമാണ്.
കഴിഞ്ഞ വർഷത്തെ അടച്ചിടൽ, വാക്സിന്റെ വരവോടെ ഇനി വേണ്ടിവരില്ലെന്നാണ് പൊതുവെ കരുതപ്പെട്ടത്. പക്ഷേ പലയിടത്തും വീണ്ടും അടച്ചിടലിന്റെ പാതയിലേക്ക് സാഹചര്യങ്ങൾ നീങ്ങുകയാണ്. ഡൽഹിയിൽ ലോക്‌ഡൗണായി. കേരളത്തിൽ രാത്രികാല കർഫ്യൂ നിലവിൽ വന്നുകഴിഞ്ഞു. കടുത്ത നിയന്ത്രണങ്ങൾ തുടർ ദിവസങ്ങളിൽ പ്രതീക്ഷിക്കാം. ജനങ്ങളുടെ സഹകരണമുണ്ടായാൽ ഉദ്യോഗസ്ഥർക്ക് നിയന്ത്രണങ്ങൾ നടപ്പാക്കാൻ എളുപ്പമാവും. പല സ്വകാര്യ ചടങ്ങുകളും ആളുകൾ മാറ്റിവയ്ക്കുകയോ മിനിമം പേരെ ഉൾപ്പെടുത്തി ചെറിയ രീതിയിൽ നടത്തുകയോ ചെയ്തുവരികയാണ്.
ഇലക്‌ഷൻ കാലത്ത് വിവിധ തുറകളിൽ നിന്ന് പരസ്പരം പോരടിച്ച രാഷ്ട്രീയ കക്ഷികളും യുവാക്കളുടെ സംഘടനകളും സന്നദ്ധ സംഘടനകളും മറ്റും ഭിന്നതകൾ മറന്ന് കൈകോർത്ത് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ അവരുടേതായ പങ്ക് വഹിക്കാൻ മുന്നിട്ടിറങ്ങണം. പ്രളയകാലത്തുണ്ടായ ആ ഒരുമ ഇനിയും ഏറെ ആവശ്യമായ ദിനങ്ങളാണ് വരുന്നത്.
തിരഞ്ഞെടുപ്പ് കാലത്ത് സ്വാഭാവികമായും നിയന്ത്രണങ്ങളെല്ലാം പൊട്ടിപ്പോയിരുന്നു. അതിന്റെ അനന്തര ഫലം കൂടിയാണ് ഇപ്പോൾ രോഗികളുടെ എണ്ണത്തിൽ സംഭവിച്ച വർദ്ധനവ്. അതിനാൽ സർക്കാർ സംവിധാനങ്ങളും ജനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ ഉണർന്ന് പ്രവർത്തിക്കേണ്ടതാണ്. അതോടൊപ്പം വാക‌്‌സിൻ കുത്തിവയ്‌പ് പരമാവധി നടത്താനുള്ള ശ്രമമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. പലയിടത്തും വാക്‌സിന് ക്ഷാമമുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇതിന്റെ പേരിൽ രാഷ്ട്രീയ വാഗ്വാദങ്ങളിലേക്ക് നീങ്ങാതെ ഇക്കാര്യങ്ങൾ പരിഹരിക്കാനുള്ള പ്രായോഗിക മാർഗങ്ങളാണ് കാലവിളംബം കൂടാതെ അവലംബിക്കേണ്ടത്.
പൂരവും വിഷുവും ഓണവുമൊക്കെ ഇനിയും വരും. ഒരു തവണ ആഘോഷിക്കാൻ കഴിയാതെ പോയെന്ന് വച്ച് അതൊന്നും എന്നന്നേക്കുമായി ഇല്ലാതാകുന്നില്ല. കക്കാട് പാടിയതുപോലെ അതൊക്കെ വരുമ്പോൾ ആരെന്നുമെന്തെന്നുമാർക്കറിയാം എന്ന ചോദ്യം ഉത്തരമില്ലാതെ നമുക്ക് മുന്നിൽ നിൽക്കുന്നു. അതിനാൽ അലംഭാവം കൂടാതെ മഹാമാരിയുടെ വ്യാപനം തടയുന്നതിനുള്ള ഭഗീരഥപ്രയത്നത്തിന്റെ ഭാഗഭാക്കാകാനാണ് ഏവരും ഇപ്പോൾ ശ്രമിക്കേണ്ടത്.