റഷ്യയിലെ കരുത്തനായ പ്രതിപക്ഷ നേതാവാണ് അലക്സി നവാൽനി. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കണ്ണിലെ കരടായി മാറിയ വിമർശകൻ. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ലോകം ആ വാർത്ത കേട്ട് ഞെട്ടിയത്. സൈബീരിയയിൽ നിന്ന് മോസ്കോയിലേക്ക് വിമാനയാത്രയ്ക്കിടെ ഒരു കപ്പ് ചായ കുടിച്ച നവാൽനി ബോധരഹിതനാവുകയും അതീവ ഗുരുതരാവസ്ഥയിൽ കോമാ സ്‌റ്റേജിലേക്ക് വഴുതി വീഴുകയും ചെയ്തു. അലക്സിയ്ക്ക് നേരെ അന്ന് നടന്നത് മാരക വിഷവസ്തുവായ നോവിചോക്ക് പ്രയോഗമായിരുന്നു. പുട്ടിന്റെ അറിവോടെയായിരുന്നു ഇതെന്നാണ് റഷ്യൻ പ്രതിപക്ഷത്തിന്റെ ആരോപണം.
44 കാരനായ അലക്സി ജർമ്മനിയിലെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും റഷ്യയിൽ പ്രവേശിച്ച ഉടൻ ജയിലിലായി. 2018 തിരഞ്ഞെടുപ്പിൽ പുട്ടിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ച നാൾ മുതൽ ജയിൽവാസം ഉൾപ്പെടെയുള്ള ശിക്ഷകൾ അലക്സി നേരിട്ടുവരികയാണ്. ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മോസ്‌കോയിലെ ജയിലിൽ നിരാഹാര സമരം നടത്തിയ നവാൽനിയുടെ ആരോഗ്യനില ഇപ്പോൾ ഗുരുതരമാണ്.
നവാൽനിയോടുള്ള റഷ്യൻ സർക്കാരിന്റെ സമീപനത്തിൽ യൂറോപ്യൻ യൂണിയനും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. അലക്സിയുടെ ഇന്നത്തെ അവസ്ഥ ഓർമ്മിപ്പിക്കുന്നത് സെർജി മാഗ്നിറ്റ്സ്കിയിലേക്കാണ്.
ആരാണ് സെർജി മാഗ്നിറ്റ്സ്കി ?
മോസ്കോയിലെ അറിയപ്പെടുന്ന അഭിഭാഷകനും ടാക്സ് ഓഡിറ്ററുമായിരുന്നു സെർജി മാഗ്നിറ്റ്സ്കി. റഷ്യയിലെ ഏറ്റവും വലിയ ഫോറിൻ ഇൻവെസ്റ്റ്മെന്റ് സ്ഥാപനമായ ലണ്ടൻ ആസ്ഥാനമാക്കിയുള്ള ഹെർമിറ്റേജ് ക്യാപിറ്റൽ മാനേജ്മെന്റിന്റെ ഉപദേഷ്ടാവായിരുന്ന സെർജി തന്റെ അന്വേഷണത്തിലൂടെ 230 മില്യൺ ഡോളറിന്റെ നികുതിവെട്ടിപ്പ് പുറത്തുകൊണ്ടു വന്നു. ടാക്സ് ഓഫീസർമാർ തന്നെയാണിതിന് പിന്നിലെന്ന് സെർജി ആരോപിച്ചു.
ഇതിന് പിന്നിൽ പൊലീസടക്കം ഉന്നതരുടെ സഹായമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, 2008 നവംബറിൽ, നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് പൊലീസ് സെർജിയെ അറസ്റ്റ് ചെയ്തു. സെർജിയുടെ വിചാരണ നീണ്ട് പോവുകയും വിചാരണയ്ക്ക് മുമ്പുള്ള തടവിന്റെ കാലാവധി കൂടുകയും ചെയ്തു. ഒടുവിൽ മോസ്കോയിലെ ജയിലിൽ റിമാൻഡിലിരിക്കെ 358 ദിവസങ്ങൾക്ക് ശേഷം 2009 നവംബർ 16ന് 37ാം വയസിൽ സെർജി മാഗ്നിറ്റ്സ്കി മരണത്തിന് കീഴടങ്ങി.
മനുഷ്യാവകാശ ലംഘനം
നിരവധി തവണ അപേക്ഷിച്ചിട്ടും സെർജിയ്ക്ക് വൈദ്യസഹായം നിഷേധിക്കപ്പെട്ടു. കൂടാതെ കസ്റ്റഡിയിലിരിക്കെ പൊലീസിന്റെ ക്രൂര മർദ്ദനത്തിനും സെർജി ഇരയായി. പാൻക്രിയാറ്റിറ്റിസ് ബാധിതനായ സെർജിയ്ക്ക് മാരകമായ ടോക്സിക് ഷോക്ക് സിൻഡ്രോമുണ്ടാവുകയും ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചെന്നുമാണ് ജയിൽ അധികൃതർ മരണകാരണമായി അറിയിച്ചത്. സെർജിയുടെ അവസ്ഥ ജയിൽ ഡോക്ടർ കണ്ടെത്തിയിരുന്നെങ്കിലും ചികിത്സ നൽകിയില്ല. പൊലീസ് മർദ്ദനത്തെ തുടർന്ന് സെർജിയുടെ ശരീരത്തിൽ മുറിവുകളും ചതവുകളുമുണ്ടായിരുന്നു.
റഷ്യയിലെ പ്രസിഡൻഷ്യൽ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ നടത്തിയ അന്വേഷണത്തിൽ ചികിത്സ നിഷേധിക്കപ്പെട്ടതും മർദ്ദനമേറ്റതുമുൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമായിരുന്നു. സെർജിയുടെ മരണം അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്ക് കാരണമായെങ്കിലും റഷ്യ കുലുങ്ങിയില്ല. സെർജി മരിച്ചിട്ടും റഷ്യ വിചാരണയുമായി മുന്നോട്ട് പോയി. 2013 ജൂലായിൽ സെർജി നികുതി വെട്ടിപ്പിൽ കുറ്റക്കാരനായിരുന്നുവെന്ന് വിധി എഴുതി. സെർജിയോട് റഷ്യ നിയമലംഘനങ്ങൾ നടത്തിയതായി 2019ൽ യൂറോപ്യൻ മനുഷ്യാവകാശ കോടതി അപലപിക്കുകയുണ്ടായി.
മാഗ്നിറ്റ്സ്കി നിയമം
റഷ്യയിൽ നികുതി ഉദ്യോഗസ്ഥർ നടത്തിയ അഴിമതിക്കെതിരെ ശബ്ദമുയർത്തിയ സെർജിയുടെ മരണത്തിന്റെ വെളിച്ചത്തിൽ 2012 ഡിസംബർ14ന് അമേരിക്ക പാസാക്കിയ നിയമമാണ് മാഗ്നിറ്റ്സ്കി നിയമം. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന റഷ്യയിലെ സർക്കാർ ഉദ്യോഗസ്ഥരെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള നിയമമാണിത്. സെർജിയുടെ മരണത്തോടെ അഴിമതി ആരോപിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥരെല്ലാം രക്ഷപ്പെട്ടിരുന്നു. അതിനാലാണ് അത്തരം ഉദ്യോഗസ്ഥരെ ശിക്ഷിക്കാൻ അമേരിക്ക നിയമം പാസാക്കിയത്. യു.കെ, കാനഡ, ബാൾട്ടിക് രാജ്യങ്ങൾ എന്നിവിടങ്ങളിലും സമാന നിയമം പാസ്സാക്കിയിരുന്നു. 2016 മുതൽ ഈ ബില്ലനുസരിച്ച് റഷ്യയ്ക്ക് പുറമേ മറ്റ് രാജ്യങ്ങളിലെയും മനുഷ്യാവകാശ ലംഘനം നടത്തിയ ഉദ്യോഗസ്ഥരെ യു.എസിൽ പ്രവേശിക്കുന്നതിന് വിലക്കാനും കരിമ്പട്ടികയിൽപ്പെടുത്താനും സാധിക്കും.