തിരുവനന്തപുരം: അടുത്ത അദ്ധ്യയന വർഷത്തെ പാഠപുസ്തക വിതരണത്തിൽ സർക്കാർ കാണിക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് കേരള അംഗീകൃത സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ (കെ.ആർ.എസ്.എം.എ) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.സംസ്ഥാനത്ത് ഓരോ വിദ്യാർത്ഥികൾക്കും യഥാസമയം പാഠപുസ്തകം എത്തിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ട്. കേരളത്തിലെ സർക്കാർ അംഗീകൃത സ്‌കൂളുകളിലെ മുഴുവൻ അദ്ധ്യാപകർക്കും പരിശീലനം നൽകാൻ സംഘടന സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.ജില്ലാ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് വേണുഗോപാലൻ നായർ, സംസ്ഥാന സെക്രട്ടറി ഷിജിൻ കലാം എന്നിവർ സംസാരിച്ചു. 2021-23 കാലയളവിലേക്ക് ജില്ലാ പ്രസിഡന്റായി ക്രിസ്തുദാസിനെയും സെക്രട്ടറിയായി സിസ്റ്റർ ഫില്ലിസ് സി.സി.ആറിനെയും ട്രഷററായി അബ്ദുൾ കലാമിനെയും വൈസ് പ്രസിഡന്റായി ഫാ. പീറ്റർ ജോർജിനെയും തിരഞ്ഞെടുത്തു.