ഏപ്രിൽ 17-ാം തീയതിയിലെ കേരളകൗമുദി ദിനപത്രത്തിൽ ഡോക്ടർ സി.എം. ജോയി എഴുതിയ 'ഇലക്‌ഷനിൽ ചർച്ച ചെയ്യാത്തത് " എന്ന ലേഖനം, ഏറെ ഗൗരവം അർഹിക്കുന്നതാണ്. പ്രകൃതിദുരന്തങ്ങൾ നിരന്തരം വേട്ടയാടുന്ന കേരളത്തിന്റെ ഭാവിയെപ്പറ്റി ഒരു ചർച്ചയും ഈ തിരഞ്ഞെടുപ്പിൽ നടന്നില്ല എന്ന വസ്തുതയാണ് ലേഖകൻ ചൂണ്ടിക്കാട്ടുന്നത്.
തിരഞ്ഞെടുപ്പിനെ തുടർന്ന് അധികാരത്തിൽ വരുന്ന സർക്കാർ പ്രഥമ പരിഗണന കൊടുക്കേണ്ട വിഷയങ്ങളിലൊന്നാണ് പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കാനുള്ള ഉത്തരവാദിത്വം. പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുന്ന, പ്രകൃതി നശീകരണ മാഫിയ പ്രവർത്തനങ്ങൾ നടക്കുന്നത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ശക്തമായ പിൻബലത്തിലാണ്. അധികാരത്തിൽ ഇരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് പ്രകൃതിദുരന്തങ്ങൾ 'ചാകര" കാലമായിട്ടാണ് അനുഭവം.
മാഫിയാ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ തിക്തഫലങ്ങളാണ് കേരളം നിരന്തരം നേരിടുന്ന പ്രകൃതി ദുരന്തങ്ങൾ എന്നതാണ് അവഗണിക്കാനാവാത്ത യാഥാർത്ഥ്യം. ലേഖകനും കേരളകൗമുദിക്കും അഭിനന്ദനങ്ങൾ.
പി. ഉദയഭാനു
കരുനാഗപ്പള്ളി
വിദ്യാർത്ഥികൾക്കും
വാക്‌സിൻ നൽകണം
കൊവിഡ് - 19 മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറെനാളുകളായി അടഞ്ഞു കിടക്കുകയാണല്ലോ! ഓൺലൈൻ പഠനം കുട്ടികളിൽ മടുപ്പ് ഉളവാക്കി തുടങ്ങിയിരിക്കുന്നു. ഈ പഠന സംവിധാനത്തിൽ പലപ്പോഴും അവരുടെ സംശയ നിവാരണത്തിന് ശരിയായ ഉപാധികളില്ല. നിർദ്ധനരായവർക്ക് ഭവനങ്ങളിൽ ഓൺലൈൻ പഠന സൗകര്യവുമില്ല. മാത്രമല്ല വീടുകളിലിരുന്ന് കുട്ടികളുടെ മനസും കായികക്ഷമതയും മുരടിക്കുന്നു. ഈ സ്ഥിതിഗതികൾ മാറാൻ അടുത്ത അദ്ധ്യയന വർഷമെങ്കിലും സ്കൂളുകൾ തുറന്ന് പ്രവർത്തിക്കണം. എന്നാൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ മാർഗങ്ങളില്ലാത്തതിനാൽ അടുത്ത അദ്ധ്യയന വർഷവും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനാകുമോ എന്ന കാര്യം സംശയമാണ്.
ഈ പ്രതിസന്ധി ഒഴിവാക്കാനുള്ള ഏക മാർഗം കുട്ടികളിലേക്കും പ്രതിരോധ കുത്തിവയ്‌പ് എത്തിക്കുക എന്നതാണ്. കുട്ടികൾക്ക് നല്‌കാവുന്ന പ്രതിരോധ വാക്സിൻ വികസിപ്പിക്കുക മാത്രമാണ് പോംവഴി.
സലിൽ. എസ്.
ചിറയിൻകീഴ്