
2018 ആഗസ്റ്റിൽ കേരളത്തെ പാടേ മുക്കിയ മഹാപ്രളയത്തിന്റെ ദുരന്ത സ്മരണകൾ മറക്കാറായിട്ടില്ല. അതുപോലെ പ്രളയം പമ്പയിൽ സൃഷ്ടിച്ച നാശനഷ്ടങ്ങളും അടിഞ്ഞുകൂടിയ മണൽ ശേഖരവും കൺമുന്നിലുണ്ട്. പ്രളയം അടങ്ങിയ ശേഷം നദിയിൽ നിന്നു ശേഖരിച്ച വൻ മണൽ ശേഖരം സംസ്ഥാന ഖജനാവിനു മുതൽക്കൂട്ടാകേണ്ടതായിരുന്നു. എന്നാൽ സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥത കൊണ്ട് 35000 ക്യുബിക് മീറ്റർ വരുന്ന ആ മണൽ ശേഖരം ആർക്കും ഉപകരിക്കപ്പെടാതെ ഇപ്പോൾ വനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പൊതുമുതലായതിനാൽ ആർക്കും ഒരു മനസ്താപവുമില്ല.
പമ്പാതീരത്തു ശേഖരിച്ചിരുന്ന മണൽ പിന്നീട് അവിടെ നിന്ന് ചക്കുപാലത്ത് വനമദ്ധ്യത്തിലേക്കു മാറ്റിയിരുന്നു. മണൽ കരാർ നൽകി വിറ്റഴിക്കാനുള്ള ശ്രമം ഇതിനിടയിൽ നടന്നെങ്കിലും പ്രതിപക്ഷത്തിന്റെ ഇടപെടലോടെ അതു നടന്നില്ല. കരാർ എടുത്ത കമ്പനി ഭരണക്കാരുടെ സ്വന്തമെന്ന ആരോപണം ഉയർന്നതോടെ കരാർ ഉപേക്ഷിക്കുകയായിരുന്നു. സംഗതി വിജിലൻസ് അന്വേഷണത്തിലും കലാശിച്ചു. നിയമയുദ്ധം തുടരുമ്പോഴും പവൻമാറ്റ് ഗുണനിലവാരമുള്ള മണൽ ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുകയായിരുന്നു. ഇപ്പോഴിതാ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഈ മണൽ അനുയോജ്യമല്ലെന്ന് വിദഗ്ദ്ധർ വിധിയെഴുതിയിരിക്കുന്നു. മണലിന്റെ ധാതുഘടകങ്ങൾ ഇതിൽ കുറവാണത്രെ. ഉഗ്രമായ പഠനശേഷം സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. ഏറ്റവും ശുദ്ധവും നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുയോജ്യവുമെന്നു കരുതപ്പെടുന്ന ആറ്റുമണലിന് ഇത്തരത്തിലൊരു ഗതിയുണ്ടാകുമെന്ന് ആരും നിരൂപിച്ചതല്ല. മണലും പാറയാക്കുന്ന സൂത്രവിദ്യ. പക്ഷേ വിദഗ്ദ്ധരുടെ കണ്ടെത്തലുകൾ ചിലപ്പോൾ ഇങ്ങനെയൊക്കെയാണ്. സാമാന്യബുദ്ധിക്കു നിരക്കുന്നതാവില്ല അത്.
നദികളിലെ മണലെടുപ്പ് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിച്ചതോടെ സംസ്ഥാനത്തൊട്ടുക്കും കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവന്നു. നിയന്ത്രണങ്ങൾ പ്രാബല്യത്തിലുള്ളപ്പോഴും ഒളിച്ചും പതുങ്ങിയും നദികളുടെ കരകളിടിച്ച് പോലും രാത്രികാലങ്ങളിൽ മണലെടുപ്പ് തകൃതിയായി നടക്കാറുണ്ട്. മണൽക്ഷാമം മുതലെടുത്ത് മണൽ മാഫിയ എന്നൊരു പുതിയ അധോലോക സംഘം പോലും വളർന്നിട്ടുണ്ട്. ഇന്ന് ഒരു ലോഡ് നല്ല ആറ്റുമണലിന് മുപ്പതിനായിരവും അതിനു മുകളിലുമാണ് വില. ആറ്റുമണലിന്റെ അഭാവത്തിൽ പാറ പൊട്ടിച്ചെടുക്കുന്ന എം. സാൻഡും പാറപ്പൊടിയുമൊക്കെയാണ് സംസ്ഥാനത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വ്യാപകമായി ഉപയോഗപ്പെടുത്തുന്നത്. യന്ത്രസംവിധാനങ്ങളുപയോഗിച്ചു നിർമ്മിക്കുന്ന എം. സാൻഡ് പരക്കെ അംഗീകാരവും നേടിക്കഴിഞ്ഞു. ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഉള്ളപ്പോഴാണ് പ്രകൃതി കനിഞ്ഞു നൽകിയ പമ്പാമണൽ നിർമ്മാണത്തിന് അനുയോജ്യമല്ലെന്നു പറഞ്ഞ് വനത്തിൽ ഉപേക്ഷിച്ചിരിക്കുന്നത്. പ്രളയത്തിൽ അടിഞ്ഞുകൂടിയ മണൽ ശേഖരത്തിൽ കല്ലും ചെളിയുമൊക്കെ കാണുന്നത് സാധാരണമാണ്. അവ വേർതിരിച്ചാൽ ശുദ്ധമായ മണലെടുക്കാനാകും. നദിയിൽ നിന്നു ശേഖരിച്ചപാടേ വിറ്റഴിക്കാൻ ശ്രമിച്ചിരുന്നുവെങ്കിൽ ആഴ്ചകൾക്കകം വിറ്റുപോയേനെ. അതു ചെയ്യാതെ അടുത്ത പ്രളയകാലവും കഴിഞ്ഞാണ് മണൽ നദീതീരത്തു നിന്നു മാറ്റുന്നത്. ഇതിനിടെ മണലിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ദേവസ്വം ബോർഡും വനംവകുപ്പും തമ്മിൽ അവകാശ തർക്കങ്ങളും നടന്നു. ഏതായാലും എല്ലാവരും കൂടി പ്രകൃതി ദാനമായി നൽകിയ മണൽ സമ്പത്ത് വെറുതേ പാഴാക്കി എന്നു പറഞ്ഞാൽ മതിയല്ലോ.
അംഗീകൃത മാനദണ്ഡമനുസരിച്ച് ഒരു ക്യുബിക് ആറ്റുമണലിന് സംസ്ഥാനത്ത് ഇപ്പോൾ 2000 രൂപയാണു വില. അതുവച്ചു നോക്കുമ്പോൾ ഉപേക്ഷിക്കപ്പെട്ട 35000 ക്യുബിക് മീറ്റർ മണൽ ലക്ഷങ്ങളുടെ മുതലായി മാറേണ്ടതായിരുന്നു. ഉചിത സമയത്ത് ഉചിത തീരുമാനമെടുക്കാത്തതിനാൽ അതു പൂർണമായും നഷ്ടമായി. അണക്കെട്ടുകളിൽ നിന്ന് മണലെടുക്കാനുള്ള പദ്ധതി വിജയിക്കാതെ പോയതും നിക്ഷിപ്ത താത്പര്യക്കാരുടെ ഇടപെടലുകൾ കാരണമാണ്.