@ഡോ. ജ്യോതി ദേവിനും സംഘത്തിനും മറ്റൊരു നേട്ടം

തിരുവനന്തപുരം: പതിമ്മൂന്ന് വയസുമുതൽ നിത്യ ജീവിതവും ദുരിതത്തിലാക്കിയ ടൈപ്പ് വൺ പ്രമേഹത്തെ ഇന്ത്യയിൽ ആദ്യമായി കൃത്രിമ പാൻക്രിയാസ് ചികിത്സയിലൂടെ തളച്ച സന്തോഷത്തിലാണ് പ്രശസ്ത നർത്തകി ജാസ് സേഥി. അതിന് ജാസ് നന്ദി പറയുന്നത് പ്രശസ്ത പ്രമേഹ ചികിത്സാ വിദഗ്ദ്ധൻ ഡോ. ജ്യോതിദേവ് കേശവദേവിനും സംഘത്തിനും.

രോഗിക്ക് നിയന്ത്രിക്കാവുന്ന കൃത്രിമ പാൻക്രിയാസ് (ഡു ഇറ്റ് യുവർസെൽഫ് ആർട്ടിഫിഷ്യൽ പാൻക്രിയാസ് - ഡി.ഐ.വൈ.എ.പി) ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ വ്യക്തിയാണ് ജാസ് സേഥി. മുൻ ബില്യാർഡ്സ് താരം ഗീത് സേഥിയുടെ കൊച്ചുമകളാണ് ഈ 26കാരി. ചെറുപ്പത്തിലേ നൃത്തവേദികളിൽ ശ്രദ്ധേയയായ കലാകാരി.

ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാത്തവിധം പാൻക്രിയാസ് എന്ന അവയവം പൂർണമായും നശിക്കുന്നതുമൂലം ശരീരത്തിലെ പഞ്ചസാരയുടെ അളവ് താളംതെറ്റുന്ന മാരക രോഗമാണ് ടൈപ്പ് വൺ പ്രമേഹം. ഇത്തരം രോഗികളിൽ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താൻ ആവശ്യമായ ഇൻസുലിൻ കടത്തിവിടാനുള്ള ഉപകരണമാണ് ഡോ. ജ്യോതിദേവും സംഘവും ജാസ് സേഥിക്കായി വികസിപ്പിച്ചത്. ഈ വിജയകഥ ഡയബെറ്റിക് ആൻഡ് മെറ്റബോളിക് സിൻഡ്രം - ക്ലിനിക്കൽ റിസർച്ച് ആൻഡ് മെറ്റബോളിക് റിവ്യൂ എന്ന മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ ജ്യോതിദേവ്സ് ഡയബെറ്റിക് റിസർച്ച് സെന്ററിന്റെ മാനേജിംഗ് ഡയറക്ടറായ ഡോ.ജ്യോതിദേവിന്റെ നേതൃത്വത്തിൽ ബ്രിട്ടനിൽ നിന്നുള്ള ഡോ.പാർത്ഥ കർ, അഹമ്മദാബാദിലെ ഡോ.ബൻഷിസാബു എന്നീ ഗവേഷകരാണ് പരീക്ഷണം വിജയിപ്പിച്ചത്.

തിരുവനന്തപുരത്തെ പ്രമേഹ കൂട്ടായ്‌മയിലെ പ്രഭാഷണങ്ങൾ കേട്ടാണ് ജാസ് ഡോ. ജ്യോതിദേവിനെ പരിചയപ്പെടുന്നതും പരീക്ഷണത്തിന് സ്വയം മുന്നോട്ടു വരുന്നതും.

കൃത്രിമ പാൻക്രിയാസ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടർച്ചയായി നിരീക്ഷിക്കാനുള്ള കണ്ടിന്യുവസ് ഗ്ളൂക്കോസ് മോണിട്ടറിംഗ് (സി.ജി.എം) ഉപകരണവും

ഇൻസുലിൻ പമ്പും രണ്ടിനെയും സോഫ്റ്റ്‌വെയർ കൊണ്ട് ബന്ധിപ്പിക്കുന്ന റൈലി ലിങ്ക് എന്ന ഉപകരണവും അടങ്ങുന്ന സെമി ഓട്ടോമാറ്റിക ഉപകരണമാണ് കൃത്രിമ പാൻക്രിയാസ്. സി.ജി.എം നിരീക്ഷിക്കുന്ന ഷുഗർ ലെവലിന് ആനുപാതികമായ അളവിൽ ഇൻസുലിൻ പമ്പ് ചെയ്യാനുള്ള കമാൻഡ് നൽകുന്ന ഉപകരണമാണ് റൈലി ലിങ്ക്. 95ശതമാനം സമയവും ഇൻസുലിൻ കൃത്യതയാണ് ഉപകരണം ഉറപ്പു നൽകുന്നത്.

മൂന്നും വളരെ ചെറിയ ഉപകരണങ്ങളാണ്. ആദ്യത്തേത് രണ്ടും വയറിന്റെ ഇരുവശങ്ങളിലായി പാച്ച് പോലെ ഒട്ടിച്ചു വയ്‌ക്കാം. റൈലി ലിങ്ക് തോളിലാണ് ഘടിപ്പിക്കുന്നത്.

സ്വതന്ത്ര സോഫ്‌റ്റ്‌വെയറായതിനാൽ ഉപകരണത്തെ ഏത് സ്‌മാർട്ട് ഫോണുമായും കണക്‌ട് ചെയ്യാം. ഫോണിൽ രോഗിക്ക് സ്വയം പഞ്ചസാരയുടെ അളവ് നിരീക്ഷിക്കാം. അതനുസരിച്ച് ഇൻസുലിൻ അളവ് ക്രമപ്പെടുത്താം. അതുകൊണ്ടാണ് ഉപകരണത്തിന്റെ പേരിൽ ഡു ഇറ്റ് യുവർസെൽഫ് എന്നു കൂടി വന്നത്.

പ്രമേഹ രോഗികളുടെയും മാതാപിതാക്കളുടെയും ആഗോള കൂട്ടായ്‌മയാണ് ഡു ഇറ്റ് യുവർസെൽഫ്. അതിലെ സാങ്കേതിക വിദഗ്ദ്ധരും ശാസ്‌ത്രജ്ഞരുമാണ് സോഫ്‌റ്റ്‌വെയർ വികസിപ്പിച്ചത്. ഇപ്പോൾ ലോകമെമ്പാടും പ്രമേഹ രോഗികൾ ഈ ഉപകരണം ഉപയോഗിക്കുന്നുണ്ട്. പൂർണമായും ഓട്ടോമാറ്റിക് ആയ കൃത്രിമ പാൻക്രിയാസ് ആണ് അടുത്ത ലക്ഷ്യം.

അംഗീകൃത മരുന്ന് കമ്പനികളോ മെഡിക്കൽ ഉപകരണ സ്ഥാപനങ്ങളോ ഉൾപ്പെടാത്തതിനാൽ ഉപകരണത്തിന് അംഗീകാരം ഇല്ല. താമസിയാതെ അതും അവർ നേടിയെടുക്കും.

പ്രമേഹ ചികിത്സയിൽ പുതിയ അദ്ധ്യായം

ലളിതമെങ്കിലും ഏറെ സങ്കീർണമായ ചികിത്സാ സംവിധാനമാണ് ഇത്. പാൻക്രിയാസ് ട്രാൻസ്‌പ്ളാന്റേഷൻ ആഗോളതലത്തിലും പരാജയമാവുന്ന സാഹചര്യത്തിൽ ഈ ഉപകരണത്തിന്റെ സാദ്ധ്യതകൾ അനന്തമാണ്.

-ഡോ.ജ്യോതിദേവ് കേശവദേവ്