1

തിരുവനന്തപുരം: വിഷു ദിനത്തിൽ ഭീമ ജുവലറി ഉടമയുടെ കവടിയാറിലെ വീട്ടിൽ കവർച്ച നടത്തിയ പ്രതിയെ ആന്ധ്രാ പൊലീസ് പിടികൂടി. ഇന്നലെ പുലർച്ചെയാണ് പ്രതിയെന്നു കരുതുന്ന ബീഹാർ സ്വദേശി ഇർഫാൻ പിടിയിലായ വിവരം കേരള പൊലീസിന് ലഭിച്ചത്. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാനുണ്ടെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു.

ബീഹാറിൽ റോബിൻഹുഡ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മോഷ്ടാവാണ് ഇർഫാൻ. ഇയാളെ ആദ്യം തിരിച്ചറിഞ്ഞതും ആന്ധ്രാ പൊലീസാണ്. ആന്ധ്രയിൽ നടന്ന നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. അതിനാൽ ഇർഫാനെ കേരള പൊലീസിന് ഉടനെ കൈമാറുമോ എന്ന കാര്യത്തിൽ വ്യക്തത ലഭിക്കാനുണ്ട്. കേരളത്തിൽ നിന്ന് ഒരു ഷാഡോ സംഘം ആന്ധ്രയിലേക്ക് തിരിക്കുമെന്നാണ് സൂചന.

ബണ്ടിചോറിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മോഷണങ്ങൾ നടത്തുന്ന ഇയാൾ മോഷണമുതൽ പാവങ്ങൾക്ക് നൽകുമെന്നത് കെട്ടുക്കഥയാണെന്നും പ്രചാരമുണ്ട്. മോഷ്ടാവിന്റെ സി.സി ടി.വി ദൃശ്യങ്ങളിലെ ചിത്രം നേരത്തെ പൊലീസ് പുറത്തുവിട്ടിരുന്നു. രണ്ടരലക്ഷം രൂപയുടെ വജ്രാഭരണങ്ങളും 60,000 രൂപയുമാണ് മോഷണം പോയത്. സി സി ടി.വി ദൃശ്യങ്ങളിൽ നിന്ന് വലത് തോളിൽ ടാറ്റു പതിച്ച വ്യക്തിയാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിരുന്നു. ഇയാളു‌ടെ കാമുകിയുടെ ചിത്രമാണ് ടാറ്റു ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.