nithya

വയസ് മുപ്പത്തിമൂന്നായെങ്കിലും ഒരു കൗമാരക്കാരിയുടെ പ്രസരിപ്പും കുസൃതിയും കാത്തുസൂക്ഷിക്കുന്ന നായികയാണ് നിത്യാമേനോൻ.

സമൂഹമാദ്ധ്യമങ്ങളിലും നിരവധി ആരാധകരുള്ള താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്.

വൈറ്റ് ഫ്രാക്കണിഞ്ഞ് പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങൾ കണ്ട് മാലാഖയെപ്പോലെയുണ്ടെന്നാണ് ആരാധകരിലേറെയും കമന്റ് ചെയ്തിരിക്കുന്നത്. ഇത്രയും സുന്ദരിയായി നിത്യയെ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലെന്നാണ് മറ്റൊരു കൂട്ടരുടെ പക്ഷം.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ഇംഗ്ളീഷിലും അഭിനയിച്ച നിത്യാമേനോൻ ഗായികയെന്ന നിലയിലും പ്രശസ്തയാണ്.

വി.കെ. പ്രകാശ് സംവിധാനം ചെയ്ത പ്രാണയാണ് നിത്യയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ടി.കെ. രാജീവ്‌കുമാർ സംവിധാനം ചെയ്യുന്ന കോളാമ്പി പ്രദർശനത്തിനൊരുങ്ങിക്കഴിഞ്ഞു. നവാഗതയായ ഇന്ദു. വി.എസ്. സംവിധാനം ചെയ്യുന്ന 19 (1) എന്ന ചിത്രം നിത്യ പൂർത്തിയാക്കിക്കഴിഞ്ഞു. തമിഴകത്തിന്റെ മക്കൾ ശെൽവൻ വിജയ് സേതുപതിയും ഇന്ദ്രജിത്തുമാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ ബാലതാരമായാണ് നിത്യാമേനോൻ അഭിനയരംഗത്തെത്തുന്നത്. ദ മങ്കി ഹൂ ന്യൂ ടൂ മച്ച് എന്ന ഇംഗ്ളീഷ് ചിത്രത്തിലുമായിരുന്നു തുടക്കം. തബു അവതരിപ്പിച്ച നായികയുടെ അനിയത്തി വേഷം പിന്നീട് 7'o ക്ളോക്ക് എന്ന കന്നഡ ചിത്രത്തിലെ ക്യാരക്ടർ വേഷം.

കെ.പി. കുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ആകാശഗോപുരത്തിലൂടെയായിരുന്നു മലയാളത്തിലെ തുടക്കം.

ജേർണലിസത്തിൽ ബിരുദം നേടിയ നിത്യാമേനോന് പത്രപ്രവർത്തയാകാനായിരുന്നു മോഹം. പക്ഷേ പിന്നീടാ മോഹം മാറ്റിവച്ച് നിത്യ പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമാട്ടോഗ്രഫി കോഴ്സിൽ ജോയിൻ ചെയ്തു. പഠനകാലത്ത് പരിചയപ്പെട്ട ബി.വി. നന്ദിനി റെഡ്ഢിയാണ് നിത്യയെ അഭിനയരംഗത്തേക്ക് വഴിതിരിച്ചുവിട്ടത്.

നന്ദിനി റെഡ്ഢി സംവിധായികയായ അടമൊടലണ്ടി എന്ന തെലുങ്ക് ചിത്രത്തിലെ നായികാ വേഷമാണ് നിത്യയുടെ അഭിനയജീവിതത്തിൽ ബ്രേക്കായത്.