
തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഒരേസമയം പത്തിൽ കൂടുതൽ പേർക്ക് ദർശനം അനുവദിക്കില്ല. രാവിലെ ആറു മണിക്ക് മാത്രമേ ക്ഷേത്രങ്ങൾ തുറക്കൂ. വൈകിട്ട് ഏഴു മണിക്ക് അടയ്ക്കും. പൂജകൾ ഇതനുസരിച്ച് ക്രമീകരിക്കാൻ ദേവസ്വം ബോർഡ് നിർദേശം നൽകി. പത്തു വയസു തികയാത്തവർക്കും അറുപത് വയസ് കഴിഞ്ഞവർക്കും ദർശനത്തിന് അനുമതിയില്ല. ക്ഷേത്രചടങ്ങുകൾക്ക് ആനകൾ പാടില്ല. തീരുമാനിച്ചുകഴിഞ്ഞ ചടങ്ങുകൾക്ക് ആനകളെ ഉപയോഗിക്കാം.
നിർദേശങ്ങൾ
# പൂജാസമയങ്ങളിൽ ശ്രീകോവിലിന് മുന്നിൽ തിരക്ക് പാടില്ല.
# ക്ഷേത്രത്തിലും പുറത്തും സാമൂഹിക അകലം പാലിക്കണം.
# ജീവനക്കാരും ഭക്തജനങ്ങളും നിർബന്ധമായും മാസ്ക് ധരിക്കണം
# തെർമ്മൽ സ്കാനർ പരിശോധനയ്ക്കുശേഷം മാത്രം പ്രവേശനം
# ജീവനക്കാർക്കും ഭക്തർക്കും സാനിറ്റൈസർ സംവിധാനം ഏർപ്പെടുത്തണം.
# ഉത്സവങ്ങൾ അടക്കം എല്ലാ ചടങ്ങുകൾക്കും പരമാവധി 75 പേർ
# ദർശനശേഷം ഭക്തർ ഉടൻ മടങ്ങുന്നുവെന്ന് ഉറപ്പുവരുത്തണം.
# വഴിപാടുകളുടെ ഭാഗമായുള്ളതല്ലാതെ അന്നദാനം അനുവദിക്കില്ല.
# ബലിയിടൽ ചടങ്ങും അതോടൊപ്പമുള്ള അന്നദാനവും കൊവിഡ് മാനദണ്ഡം പാലിച്ചാവണം.
# മുഴുവൻ ജീവനക്കാരും വാക്സിൻ സമയബന്ധിതമായി സ്വീകരിക്കണം.