തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള നെടുമങ്ങാട്,പേരൂർക്കട,നെയ്യാറ്റിൻകര ജില്ലാ ആശുപത്രികളിൽ കൊവിഡ് വാർഡുകൾ ആരംഭിക്കാൻ തീരുമാനം. ഇവിടങ്ങളിലെ കൊവിഡ് ചികിത്സാ ചെലവുകളും ഭക്ഷണച്ചെലവും ഏറ്റെടുക്കാനും പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി. ആന്റിജൻ കിറ്റ്, പി.പി.ഇ കിറ്റ്, തെർമൽ സ്‌കാനർ ഇവ വാങ്ങുന്നതിനും വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് വാങ്ങിനൽകാനും തീരുമാനിച്ചു. സർക്കാർ തുടങ്ങുന്ന ഡി.സി.സി സെന്ററുകളിൽ ആവശ്യമായ പൾസ് ഓക്‌സി മീറ്ററുകളും വാങ്ങിക്കും.

ഏകോപനത്തിനായി നെടുമങ്ങാട് ആശുപത്രിയുടെ ചുമതല വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നിവർക്കും നെയ്യാറ്റിൻകര ആശുപത്രിയുടെ ചുമതല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യം - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ഡിവിഷൻ മെമ്പറായ ബിനു എന്നിവർക്കും പേരൂർക്കട ആശുപത്രിയുടെ ചുമതല ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നിവർക്കും നൽകി.

വൈസ് പ്രസിഡന്റ് അഡ്വ.എ. ഷൈലജാ ബീഗം, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. സുനിത, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ജലീൽ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ. സലൂജ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.