നാഗർകോവിൽ: കന്യാകുമാരിയിൽ ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന രണ്ടുപേരെ തമിഴ്നാട് സ്‌പെഷ്യൽ ടീം പൊലീസ് പിടികൂടി. മേക്കാമണ്ഡപം സ്വദേശി അഭിരാം (27), പറമ്പായി സ്വദേശി കൃഷ്‌ണകുമാർ (43) എന്നിവരാണ് പിടിയിലായത്. കുളച്ചൽ എ.എസ്.പി വിശ്വേശ് ശാസ്ത്രിയുടെ നിർദ്ദേശപ്രകാരം പ്രത്യേക സംഘമാണ് ഇന്നലെ പ്രതികളെ പിടികൂടിയത്.
കുളച്ചലിൽ ബൈക്കിലെത്തി മാല മോഷ്ടിക്കുന്നതായി എ.എസ്.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ ടീം എസ്.ഐ ജോൺ ബോസ്കോയുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. കുളച്ചലിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. ഇവരുടെ ബൈക്ക്, കൈയിലുണ്ടായിരുന്ന 82 ഗ്രാം സ്വർണം, 25,000 രൂപ എന്നിവ പൊലീസ് പിടിച്ചെടുത്തു. പ്രതികളുടെ പേരിൽ ജില്ലയിലെ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. പ്രതികളെ റിമാൻഡ് ചെയ്‌തു.