അഞ്ചുതെങ്ങ്: അഞ്ചുതെങ്ങിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതായി പരാതി. എന്നാൽ അധികൃതരും രാഷ്ട്രീയപാർട്ടികളും മൗനംപാലിക്കുന്നതായാണ് നാട്ടുകാർ പറയുന്നത്. ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിലും രണ്ടാഴ്ചയിൽ കൂടുതലായി കുടിവെള്ളം കിട്ടിയിട്ട്. പ്രദേശത്തെ വീടുകൾക്ക് മുന്നിലും വാട്ടർ അതോറിട്ടി പൊതുടാപ്പുകൾക്ക് മുന്നിലും ഒഴിഞ്ഞ കുടങ്ങളും ബക്കറ്റുകളും കൊണ്ട് നിറഞ്ഞു. ഇപ്പോൾ പ്രദേശത്ത് കുടിവെള്ളം പൂർണമായും നിലച്ചു. കടലിനോടും കായലിനോടും ചേർന്ന് കിടക്കുന്നതിനാൽ കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ കഴിയില്ല. കയർ മത്സ്യമേഖലയെ ആശ്രയിച്ചുകഴിയുന്ന ഇവിടത്തുകാർ പലരും പണം അടച്ച് വാട്ടർ കണക്ഷൻ എടുത്തവരാണ്.

ഇലക്ഷൻ വരുമ്പോൾ എല്ലാം മുന്നണികളെല്ലാം പ്രധാനമായും മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ ഒന്നാണ് കുടിവെള്ളം ലഭ്യമാക്കുക എന്നത്. എന്നാൽ വോട്ട് നേടി വിജയിക്കുന്ന ജനപ്രതിനിധികളല്ലാം പ്രശ്നങ്ങൾക്കെതിരെ മുഖംതിരിക്കുന്ന നിലപാടാണെന്നും ആക്ഷേപമുണ്ട്. ആറ്റിങ്ങൽ വാട്ടർ അതോറിട്ടിയിലെ ടാങ്ക് വൃത്തിയാക്കുന്ന ജോലി നടക്കുന്നതിനാലാണ് കുടിവെള്ളം മുടങ്ങുന്നതെന്നാണ് അധികൃതർ പറയുന്നത്.

പദ്ധതികൾ ഏറെ, എന്നിട്ടും...

ഗ്രാമ പഞ്ചായത്തിലെ വാക്കംകുളം കുടിവെള്ള പദ്ധതി ഉൾപ്പടെ പലതും കുടിവെള്ളത്തിനായി ആവിഷ്കരിച്ചെങ്കിലും ഒരു പദ്ധതിയ്ക്കും അഞ്ചുതെങ്ങ് പ്രദേശത്തെ കുടിവെള്ളക്ഷാമം പൂർണമായും പരിഹരിക്കുവാൻ കഴിഞ്ഞിട്ടില്ല. ഗ്രാമ പഞ്ചായത്തിൽ ഒഴിഞ്ഞുകിടക്കുന്ന നിരവധി റവന്യൂ ഭൂമികൾ ഉണ്ട്. ഇവിടെ വാട്ടർ ടാങ്ക് നിർമ്മിച്ച് കുടിവെള്ളം ശേഖരിക്കുകയാണെങ്കിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കുടിവെള്ളം എത്തിക്കുവാൻ സാധിക്കും.

"നിലവിലുള്ള പദ്ധതികളിൽ നിന്നുള്ള ജലവിതരണം മറ്റു പ്രദേശങ്ങൾക്ക് വീതംവെച്ച് പോകുന്നതുകൊണ്ടാണ് പലപ്പോഴും അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ കൃത്യമായി കുടിവെള്ളം കിട്ടാത്ത അവസ്ഥ വരുന്നത്. പഞ്ചായത്തിൽ അത്തരത്തിൽ വാട്ടർ ടാങ്ക് നിർമ്മിക്കുവാൻ കഴിഞ്ഞാൽ ഈ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാകും.

"എസ്. പ്രവീൺചന്ദ്ര മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ