
കള്ളിക്കാട്: കള്ളിക്കാട് കൊവിഡ് ചികിത്സാ കേന്ദ്രത്തിന് ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ചികിത്സാ കേന്ദ്രത്തിന് മുൻപിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്തശ്രീകുമാറും വാർഡ് മെമ്പർമാരും പൊതു പ്രവർത്തകരും സത്യാഗ്രഹ സമരം നടത്തി.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാരിന് കീഴിൽ ദുരന്ത നിവാരണ അതോറിട്ടിയും ആരോഗ്യവകുപ്പും ഗ്രാമ പഞ്ചായത്തും ചേർന്നാണ് നെയ്യാർഡാമിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ കേന്ദ്രം പ്രവർത്തിപ്പിച്ചത്. കെ.പി.സി.സിയാണ് ഇവിടെ കിടക്കകളും അനുബന്ധ പ്രവർത്തനങ്ങളും നടത്തി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന് കൈമാറിയത്.
ഈ കേന്ദ്രത്തിന് ആറു മാസമായി സർക്കാർ ഫണ്ട് അനുവദിച്ചിട്ടില്ല .രോഗികൾക്ക് ഭക്ഷണമെത്തിക്കുന്ന കരാറുകാരന് ലക്ഷങ്ങൾ കുടിശികയായപ്പോൾ കരാറുകാരൻ ഭക്ഷണവിതരണം നിറുത്തിവയ്ക്കാൻ നിർബന്ധിതനായി. സന്നദ്ധ പ്രവർത്തകർക്കും ജീവനക്കാർക്കും മാസങ്ങളായി വേതനം മുടങ്ങിയിരിക്കയാണ്. .കൊറോണ വ്യാപനം രണ്ടാം ഘട്ടത്തിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തിക്കുമെന്നും കരുതൽ നടപടികളിലേക്ക് സർക്കാർ സഹായം എത്തിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ അറിയിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു വി.രാജേഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ദിലീപ്കുമാർ, എസ്.എസ്.അനില, ആർ. വിജയൻ, ഒ. ശ്രീകല എന്നിവർ സമരത്തിൽ പങ്കെടുത്തു.