തിരുവനന്തപുരം:ജില്ലാ ലേബർ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലും ജില്ലയിലെ കയറ്റിറക്ക് കൂലി സംബന്ധിച്ച തർക്കത്തിനും പരിഹാരമായില്ല. തങ്ങൾ മുന്നോട്ടുവച്ച ഒത്തുതീർപ്പ് നിർദ്ദേശം അംഗീകരിക്കാൻ ട്രേഡ് യൂണിയൻ നേതാക്കൾ തയ്യാറാവാത്തതിൽ പ്രതിഷേധിച്ച് വ്യാപാരി-വ്യവസായി പ്രതിനിധികൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.ഇതേ പ്രശ്നത്തിൽ നേരത്തെ നടന്ന ചർച്ചകളും പരാജയപ്പെട്ടിരുന്നു. കൊവിഡ് കാലഘട്ടത്തിൽ വ്യാപാര-വ്യവസായ മേഖലകളിൽ സ്തംഭനം നിലനിൽക്കുന്നതിനാൽ കൂലിവർദ്ധന നടപ്പാക്കാനാവില്ലെന്ന് വ്യാപാരി- വ്യവസായി പ്രതിനിധികൾ നേരത്തെ അറിയിച്ചിരുന്നു.എന്നാൽ ലേബർ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ നിലവിലുള്ളതിന്റെ 10 ശതമാനം അധികകൂലി നൽകാമെന്ന് അവർ സമ്മതിച്ചു. തുടക്കം മുതൽ 40 ശതമാനം കൂലി വർദ്ധന ആവശ്യപ്പെട്ടിരുന്ന ട്രേഡ് യൂണിയൻ പ്രതിനിധികൾ അതിൽ നിന്ന് പിന്തിരിയാൻ തയ്യാറായില്ല. അതോടെയാണ് വ്യാപാരമേഖലയിലെ പ്രതിനിധികൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.