തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ തമിഴ്നാട് അതിർത്തിയിൽ പൊലീസ് പരിശോധന ആരംഭിച്ചെങ്കിലും കൊവിഡ് പരിശോധനയുടെ കാര്യത്തിൽ മുഖം തിരിച്ച് കേരളം. തെർമൽ സ്‌കാൻ അടക്കമുള്ള ഒരു പരിശോധനയും ഇഞ്ചിവിള ചെക്ക് പോസ്റ്റ് അടക്കമുള്ള സ്ഥലങ്ങളിൽ ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടില്ല. അതേസമയം തമിഴ്നാട് ആർ.ടി.പി.സി.ആർ പരിശോധന കർശനമാക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന് പരിശോധന സംബന്ധിച്ച യാതൊരുവിധ നിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് നൽകിയിട്ടില്ലെന്നാണ് വിവരം. അതേസമയം കേരളവുമായി അതിർത്തി പങ്കിടുന്ന ഇടറോഡുകളിൽ തമിഴ്നാട് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചുള്ള നിയന്ത്രണങ്ങൾ തുടരുകയാണ്.

കേരളത്തിലേക്ക് വരുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയുണ്ടെങ്കിലും ഇതില്ലാതെ വരുന്നവരെ പരിശോധിക്കാനോ വേണ്ട സൗകര്യങ്ങളൊരുക്കാനോ ആവശ്യമായ ആരോഗ്യപ്രവർത്തകർ ഇല്ലെന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ആശങ്ക. കേരള പൊലീസിന്റെ നിയന്ത്രണങ്ങൾ വിലയിരുത്താൻ ഡി.ഐ.ജിയും റൂറൽ എസ്.പിയുമടക്കമുള്ള സംഘം ഇന്നലെ അതിർത്തി പ്രദേശങ്ങൾ സന്ദർശിച്ചു.