suspension

തിരുവനന്തപുരം: ഡ്യൂട്ടിക്കിടയിലെ മദ്യപാനം, പണം ഈടാക്കി ടിക്ക​റ്റ് നൽകാതിരിക്കൽ, സൗജന്യ യാത്ര അനുവദിക്കൽ, മേലുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ സംഭവങ്ങളിൽ എട്ട് ജീവനക്കാരെ കെ.എസ്.ആർ.ടി.സി സി.എം.ഡി സസ്‌പെൻഡ് ചെയ്തു.

മാവേലിക്കര - എറണാകുളം ഫാസ്റ്ര് പാസഞ്ചറിൽ മദ്യപിച്ച് ഡ്യൂട്ടി ചെയ്ത മാവേലിക്കര ഡിപ്പോയിലെ കണ്ടക്ടർ എസ്. സുനിൽ കുമാർ, അവധി അപേക്ഷ നിരസിച്ചതിന് പിറവം യൂണി​റ്റിലെ കൺട്രോളിംഗ് ഇൻസ്‌പെക്ടറെ ദേഹോപദ്റവം ചെയ്ത പി.എൻ. അനിൽകുമാർ, യാത്രക്കൂലി ഈടാക്കിയ ശേഷം യാത്രക്കാർക്ക് ഡെഡ് ടിക്ക​റ്റ് നൽകിയ ചടയമംഗലം ഡിപ്പോയിലെ കണ്ടക്ടർ എൻ.സി. ബാലു എന്നിവരെ സസ്‌പെൻഡ് ചെയ്തു.

സൗജന്യയാത്ര അനുവദിച്ച പുനലൂർ യൂണി​റ്റിലെ ഡ്രൈവർ കം കണ്ടക്ടർ സുനിൽ കുമാറിനേയും, മാസ്‌ക് ധരിക്കാതെ മദ്യലഹരിയിൽ തൃശൂർ സ്റ്റേഷൻ മാസ്റ്റർ ഓഫീസിലെത്തി മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ ചി​റ്റൂർ യൂണി​റ്റിലെ കണ്ടക്ടർ പി. പ്രേംകുമാറിനേയും സസ്‌പെൻഡ് ചെയ്തു.

മദ്യപിച്ച് സി.എം.ഡിയുടെ ഉത്തരവിന് വിരുദ്ധമായി ആലപ്പുഴ ഡിപ്പോ പരിസരത്തെത്തിയ കൽപ്പ​റ്റ ഡിപ്പോയിലെ ഡ്രൈവർ എ.പി. സന്തോഷിനെയും അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസറുടെ ചേമ്പറിൽ ബഹളമുണ്ടാക്കിയ പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ സന്തോഷ് എം. കർത്തയെയും സസ്‌പെൻഡ് ചെയ്തു.

2018- 19ൽ എടപ്പാൾ റീജിയണൽ വർക്ക് ഷോപ്പിലേക്ക് ഓഡർ പ്രകാരം നൽകിയ പെയിന്റിനുള്ള തുക കടയുടമയ്ക്ക് നൽകാത്ത റീജിയണൽ വർക്ക് ഷോപ്പ് സ്റ്റോർ ഇഷ്യൂവർ സജിൻ സണ്ണിയും സസ്‌പെൻഷനിലായി.