s

തിരുവനന്തപുരം:ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം ശക്തമാക്കുമെന്ന് കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു.പൊലീസിന്റെയും സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെയും നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കാനും സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം ദിവസവും ചേരാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ ജനങ്ങൾ വീടിനു പുറത്തിറങ്ങാവൂവെന്ന് കളക്ടർ അഭ്യർത്ഥിച്ചു.കുട്ടികളും പ്രായമായവരും ഗർഭിണികളും വീടിനുള്ളിൽത്തന്നെ കഴിയണം.ജില്ലയിൽ രാത്രി കർഫ്യൂ ശക്തമായി നടപ്പാക്കാൻ പൊലീസിനു നിർദ്ദേശം നൽകിയിട്ടുണ്ട്.

ശ്രദ്ധിക്കാൻ

 രാത്രി 9 മുതൽ പുലർച്ചെ 5വരെ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്

ഷോപ്പിംഗ് മാളുകളും തിയേറ്ററുകളും വൈകിട്ട് 7.30ന് അടയ്ക്കണം

 ഹോട്ടലുകൾ,റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ ആളുകളെ കുറച്ചു മാത്രം പ്രവേശിപ്പിക്കണം

 പാഴ്സൽ നൽകുന്നതും ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കണം

 കണ്ടെയ്ൻമെന്റ് സോണുകളിൽ വൈകിട്ട് 7.30ന് റസ്റ്റോറന്റുകളും ഹോട്ടലുകളും അടയ്ക്കണം

ടേക്ക് എവേ കൗണ്ടർ അടക്കമുള്ളവ ഒമ്പതിന് ശേഷം അനുവദിക്കില്ല

 സ്വകാര്യ സ്ഥാപനങ്ങളിൽ കഴിയുന്നതും വർക്ക് ഫ്രം ഹോം സമ്പ്രദായം ഏർപ്പെടുത്തണം

ശക്തമായ നിരീക്ഷണം

കൊവിഡ് നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താൻ ജില്ലയിൽ വിപുലമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.വ്യാപാര കേന്ദ്രങ്ങൾ, കടകൾ എന്നിവിടങ്ങളിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധന തുടരുന്നു. സാമൂഹിക അകലം, മാസ്ക് തുടങ്ങിയവ കർശനമാക്കാൻ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വൈഭവ് സക്‌സേന,ജില്ലാ ഡെവലപ്‌മെന്റ് കമ്മിഷണർ ഡോ.വിനയ് ഗോയൽ, സബ് കളക്ടർമാരായ എം.എസ്. മാധവിക്കുട്ടി,ചേതൻ കുമാർ മീണ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ.സുരേഷ് കുമാർ,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. ഷിനു,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.