നെടുമങ്ങാട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലാം ക്ലാസുകാരിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ചെല്ലഞ്ചി ഗവ.എൽ.പി.എസിലെ വിദ്യാർത്ഥി ആനകുളം ദേവനന്ദയിൽ ദേവനന്ദയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാവിലെ 10ഓടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാർഷിക വിളകൾ ഭക്ഷിക്കാനിറങ്ങിയ കാട്ടുപന്നി കുട്ടിയെ കുത്തിവീഴ്‌ത്തുകയായിരുന്നു.
ആക്രമണത്തിൽ ഇടതുകാലിലെ തുടയിൽ ആഴത്തിലുള്ള മുറിവേറ്റു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കൾ ബഹളംവച്ചാണ് പന്നിയെ ഓടിച്ചത്. ദേവനന്ദ പാലോട് ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. ആനകുളത്തും പരിസര പ്രദേശങ്ങളിലും പട്ടാപ്പകൽ കാട്ടുപന്നി ശല്യം പെരുകുന്നുവെന്ന നാട്ടുകാരുടെയും കർഷകരുടെയും പരാതി നിലനിൽക്കെയാണ് സംഭവം. കുട്ടിയുടെ കുടുംബത്തിനും പന്നിയുടെ ആക്രമണത്തിൽ കൃഷിനശിച്ച കർഷകർക്കും അടിയന്തര നഷ്ടപരിഹാരം അനുവദിക്കാൻ വനംവകുപ്പ് തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.