തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മണ്ഡലങ്ങളിൽ വോട്ടുകൾ എണ്ണുന്നതിനുള്ള കേന്ദ്രങ്ങൾ നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ അന്തിമപട്ടിക പുറത്തിറക്കി. തിരുവനന്തപുരം ജില്ലയിൽ വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, വാമനപുരം, നെടുമങ്ങാട്, നെയ്യാറ്റിൻകര, കോവളം, കാട്ടാക്കട, പാറശാല, അരുവിക്കര മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നാലാഞ്ചിറ സർവോദയ കാമ്പസിലെ കേന്ദ്രങ്ങളിലും വട്ടിയൂർക്കാവ് മണ്ഡലത്തിലെ വോട്ടെണ്ണൽ പട്ടം സെന്റ്മേരീസ് സ്കൂളിലും, തിരുവനന്തപുരം മണ്ഡലത്തിലേത് മണക്കാട് ഗവ.ഗേൾസ് ഹൈസ്കൂളിലും, നേമത്തേത് കോട്ടൺഹിൽ സ്കൂളിലും നടത്തും.

വർക്കലയിലെ വോട്ടെണ്ണൽ ഐ.സി.എസ്.ഇ സിൽവർ ജൂബിലി ഹാളിലും, ആറ്റിങ്ങലിലേത് ഐ.സി.എസ്.ഇ ബ്ളോക്കിലെ സെന്റ്പീറ്റേഴ്സ് സ്കൂൾ ഹാളിലും, ചിറയിൻകീഴിലേത് മാർ ഇവാനിയോസ് ഒാഡിറ്റോറിയത്തിലും വാമനപുരത്തേത് മാർ ഇവാനിയോസ് മെയിൻ ഹാളിലും നെടുമങ്ങാട്ടേത് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ ഹാളിലും നടക്കും. നെയ്യാറ്റിൻകരയിലെ വോട്ടെണ്ണൽ മാർ ഗ്രിഗോറിയോസ് ലാ കോളേജ് ഹാളിലും, കോവളത്തേത് മാർ തിയോഫിലസ് ട്രെയിനിംഗ് സെന്ററിലും, കാട്ടാക്കടയിലേത് മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജ് ഇൻഡോർ കോർട്ടിലും, പാറശാലയിലേത് സർവോദയ സി.ബി.എസ്.ഇ സ്കൂൾ ഹാളിലും, അരുവിക്കരയിലേത് മാർ ഗ്രിഗോറിയോസ് ലാ കോളേജ് കെട്ടിടത്തിലും നടക്കും.