തിരുവനന്തപുരം:പൂജപ്പുരയിൽ നടപ്പാത കൈയേറിയുള്ള അനധികൃത വഴിയോര കച്ചവടങ്ങൾ കോർപ്പറേഷന്റെ നേതൃത്വത്തിൽ പൊളിച്ചുനീക്കി.പൂജപ്പുര മുതൽ കുഞ്ചാലുംമൂട് വരെ 23 കടകൾക്ക് കഴിഞ്ഞ ആഴ്‌ച നോട്ടീസ് നൽകിയിരുന്നെങ്കിലും ഇവരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെന്ന് നഗരസഭ ആരോഗ്യ വിഭാഗം പറഞ്ഞു. ഇതിനെ തുടർന്നാണ് പൊളിക്കാൻ നടപടിയുണ്ടായത്. പൂജപ്പുരയിൽ പലയിടത്തും യാത്രക്കാർക്ക് നടന്നുപോകാൻ കഴിയാത്ത തരത്തിൽ നടപ്പാത കൈയേറി കച്ചവടസ്ഥാപനങ്ങൾ അധനികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് നഗരസഭ കണ്ടെത്തി.കൊവിഡ് പശ്ചാത്തലത്തിൽക്കൂടിയാണ് അടിയന്തര നടപടി സ്വീകരിച്ചത്. നടപ്പാത കൈയേറിയുള്ള കച്ചവടത്തിനെതിരെ പൊതുജനങ്ങളിൽ നിന്നും ജയിൽ അധികൃതരിൽ നിന്നുമായി നിരവധി പരാതികൾ ലഭിച്ചിരുന്നുവെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ഗോപകുമാർ പറഞ്ഞു.