തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്നുമുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ ഡി.ജി.പി വെളിപ്പെടുത്തിയിട്ടുണ്ട്. വാരാന്ത്യ ലോക്ക് ഡൗൺ ഏർപ്പെടുത്തില്ല.
കൊവിഡ് വ്യാപനത്തോത് ജില്ലാശരാശരിയിലും ഇരട്ടിയായ തദ്ദേശഭരണ പ്രദേശങ്ങളിൽ ഓരോ വീട്ടിലെയും എല്ലാ അംഗങ്ങളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. രോഗബാധിതരുടെ ആന്റിജൻ ഫലം നെഗറ്റീവാണെങ്കിൽ ഡിസ്ചാർജ്ജ് ചെയ്ത് വീടുകളിൽ റിവേഴ്സ് ക്വാറന്റൈയിനിൽ വിടുന്ന ഇപ്പോഴത്തെ രീതി മാറ്റുന്നത് പരിഗണിക്കും.
ഇന്നു മുതൽ 30 വരെ ബാങ്കുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2വരെയാക്കി കുറച്ചതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു. 30ന് ചേരുന്ന സമിതി യോഗം സ്ഥിതിഗതി വീണ്ടും വിലയിരുത്തും.
അടിയന്തര സാഹചര്യംനേരിടാൻ ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങൾ സജ്ജമാണെന്ന് ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ വിലയിരുത്തി.
മരുന്ന്, ഒാക്സിജൻ, ടെസ്റ്റിംഗ് ഉപകരണങ്ങൾ,അത്യാവശ്യമരുന്നുകൾ, കിടക്കകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട വെബ്സൈറ്റ് മെച്ചപ്പെടുത്താൻ ഐ.ടി.വിഭാഗത്തോടാവശ്യപ്പെട്ടു. പ്രതിദിന പരിശോധനകളുടെ എണ്ണം കൂട്ടിയതോടെ വെബ്സൈറ്റിൽ സാങ്കേതിക തടസങ്ങൾ സംഭവിച്ചിരുന്നു.
വൈറസിന്റെ ജനതികമാറ്റം തിരിച്ചറിയാൻ ജീനോം പഠനം നടത്താൻ തീരുമാനിച്ചു.
50 ലക്ഷം വാക്സിൻ ചോദിച്ച് മുഖ്യമന്ത്രി
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് അടിയന്തരമായി 50ലക്ഷം ഡോസ് വാക്സിൻ ലഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.
വാക്സിൻ പാഴാക്കാതെ കേരളം ; പാഴായത് 45 ലക്ഷം ഡോസ്
ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി പാഴായത് കൊവിഡ് വാക്സിന്റെ 44.78 ലക്ഷം ഡോസുകൾ. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ. ഒട്ടും പാഴാക്കാത്തത് കേരളം ഉൾപ്പെടെ എട്ട് സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങൾ. ഏപ്രിൽ 11വരെയുള്ള കണക്കാണിത്.
വാക്സിൻ ക്ഷാമത്തെ പറ്റി സംസ്ഥാനങ്ങൾ പരാതിപ്പെടുമ്പോഴാണ് വൻതോതിൽ ഡോസുകൾ പാഴായതിന്റെ വിവരാവകാശ രേഖ പുറത്തുവന്നത്.
കേരളത്തെ കൂടാതെ ആൻഡമാൻ, ദാമൻ ദിയു, ഗോവ, ഹിമാചൽ, ലക്ഷദ്വീപ്, മിസോറം, പശ്ചിമബംഗാൾ എന്നിവിടങ്ങളിലും വാക്സിൻ പാഴാക്കലില്ല.
തമിഴ്നാട്ടിൽ 12.10 ശതമാനമാണ് പാഴായത്. ഹരിയാന ( 9.74 %), പഞ്ചാബ് (8.12 %), മണിപ്പൂർ (7.80 % ), അസാം (7.69 %), തെലങ്കാന (7.5% ) എന്നിവയാണ് കൂടുതൽ പാഴാക്കിയ സംസ്ഥാനങ്ങൾ.
ഏപ്രിൽ 11 വരെ 11,97,60,100 ഡോസ് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങൾക്കായി കേന്ദ്രം നൽകി. ഇതിൽ പാഴാക്കിയത് ഉൾപ്പെടെ 10,34,46,310 ഡോസാണ് വിനിയോഗിച്ചത്. 1,63,13,790 ഡോസ് ശേഷിക്കുന്നുണ്ട്. രണ്ട് കോടിയിലേറെ ഡോസ് കൂടി സംസ്ഥാനങ്ങൾക്ക് വിതരണത്തിന് ഒരുങ്ങുകയാണ്.
കേരളത്തിന് 56,02,790 ഡോസാണ് നൽകിയത്. ഇതിൽ 47,63,860 ഡോസ് ഉപയോഗിച്ചു. 8,38,930 ഡോസ് ബാക്കിയുണ്ട്.
മഹാരാഷ്ട്രയ്ക്കാണ് ഏറ്റവും കൂടുതൽ വാക്സിൻ ലഭിച്ചത്. 1,13,62, 470 ഡോസ്. യു.പി (1,12,92,780), ഗുജറാത്ത് (1,05,19,330), രാജസ്ഥാൻ (1,0495,860), പശ്ചിമബംഗാൾ (83,83,340) സംസ്ഥാനങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ.