മലയിൻകീഴ്: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവ് സുഹൃത്തിന്റെ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെ റിമാൻഡ് ചെയ്‌തു. ശംഖുംമുഖം രാജീവ് നഗർ ടി.സി 34/61ൽ ഷംസുദ്ദീന്റെ മകൻ ഷംനാദാണ് (33) ഞായറാഴ്ച രാത്രി മരിച്ചത്. പ്രതികളായ ബിനു (35), വഴയില ശാസ്താനഗർ വിഷ്‌ണുവിഹാറിൽ വിഷ്‌ണുരൂപ് (മണിച്ചൻ, 35), ഓൾ സെയിന്റ്സ് രാജീവ് നഗർ രജിതാ ഭവനിൽ രഞ്ജിത് (കുക്കു, 35) എന്നിവരെ സംഭവം നടന്ന
ബിനുവിന്റെ മലയിൻകീഴിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മദ്യപാനത്തിനിടെ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം പരിഹരിക്കാൻ ബിനു ശ്രമിച്ചെങ്കിലും അതിനിടെ വിഷ്‌ണുരൂപ് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഷംനാദിന്റെ തുടയിൽ കുത്തുകയായിരുന്നു.
ഷംനാദിനെ മദ്യപിക്കാൻ നിർബന്ധിച്ചത് തർക്കത്തിനിടയാക്കിയെന്നും ഷംനാദ് പിടിച്ചുതള്ളിയപ്പോൾ പ്രകോപിതനായി കുത്തിയതാണെന്നും വിഷ്‌ണുരൂപ് പൊലീസിൽ മൊഴി നൽകി. കുത്താനുപയോഗിച്ച കത്തി കുണ്ടമൺകടവിന് സമീപത്തെ കുറ്റിച്ചെടികൾക്കിടയിൽ നിന്ന് പൊലീസ് കണ്ടെത്തി. കൊവിഡ് പരിശാധനയ്‌ക്ക് ശേഷം രാത്രിയോടെ പ്രതികളെ നെയ്യാറ്റിൻകര മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കാട്ടാക്കട ഡിവൈ.എസ്.പി എസ്. ഷാജിയുടെ നേതൃത്വത്തിൽ സി.ഐമാരായ സുരേഷ് കുമാർ, നിഷാന്ത്, എസ്.ഐമാരായ സുബിൻ, സരിത, ഗ്രേഡ് എസ്.ഐ മണിക്കുട്ടൻ എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.