കൊവിഡ് വ്യാപന തീവ്രതയുടെ കണക്കുകൾ ഓരോ ദിവസവും ആശങ്കയുടെ ഗ്രാഫ് ഉയർത്തിവരയ്ക്കുമ്പോൾ പതിന്നാല് ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. കോഴിക്കോട്ടും കൊച്ചിയിലും സ്ഥിതി അനുദിനം സങ്കീർണമാകുമ്പോൾ മറ്റിടങ്ങളും അതിവേഗം അപകടരേഖയിലേക്ക്...
തിരുവനന്തപുരം
കണ്ടെയ്ൻമെന്റ് സോണുകൾ 13
കണ്ടെയ്ൻമെന്റ് സോണുകളിൽ വൈകിട്ട് 7.30ന് റെസ്റ്റാറന്റുകളും ഹോട്ടലുകളും അടയ്ക്കണം. മറ്റിടങ്ങളിൽ ഒമ്പതു വരെ പ്രവർത്തിക്കാമെങ്കിലും ടേക്ക് എവേ കൗണ്ടർ അടക്കമുള്ള ഒരു പ്രവർത്തനങ്ങളും ഒമ്പതിന് ശേഷം അനുവദിക്കില്ല.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യതയിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കും. ദൈനദിന സ്ഥിതി ഗതികൾ വിലയിരുത്താൻ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം എല്ലാ ദിവസവും ചേരും.
-ഡോ .നവ്ജ്യോത് ഖോസ
കളക്ടർ
കൊല്ലം
കണ്ടെയ്ൻമെന്റ് സോണുകൾ: 15
തമിഴ്നാട് അതിർത്തിയായ ആര്യങ്കാവിൽ പ്രത്യേക പരിശോധന. ശരിയായ യാത്രാ രേഖളില്ലാത്തവരെ അതിർത്തി കടത്തിവിടുന്നില്ല. വനമേഖലയിലൂടെയുള്ള വഴികൾ അടച്ചു.
ഭീതിജനകമായ അവസ്ഥയാണ് മുന്നിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നുണ്ട്.
ബി. അബ്ദുൾ നാസർ,
ജില്ലാ കളക്ടർ
മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി യുവാക്കളിലും മദ്ധ്യവയസ്കരിലും രോഗവ്യാപനം അതിതീവ്രമാണ്. ശരീരവേദനയും ശ്വാസം മുട്ടലുമാണ് പ്രധാന ലക്ഷണങ്ങൾ.
ഡോ. ആർ. ശ്രീലത,
ഡി.എം.ഒ
പത്തനംതിട്ട
പൊലീസുകാരെ 92 ടീമുകളായി തിരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു. ജനങ്ങൾ കൃത്യമായി മാസ്ക് ധരിക്കുന്നുണ്ടോ, സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തും.
ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള വാർഡ്തല ജാഗ്രതാ സമിതികൾ കൂടുതൽ സജീവമാക്കും
ഡോ. നരസിംഹുഗാരി തേജ്
ലോഹിത് റെഡ്ഡി, ജില്ലാ കളക്ടർ
നാല്പത് വയസിൽ താഴെയുള്ളവരിൽ മരണ നിരക്ക് കൂടുന്നുണ്ട്. വാക്സിൻ ക്ഷാമം രണ്ടു ദിവസത്തിനുള്ളിൽ പരിഹരിക്കും.
ഡോ. എ.എൽ.ഷീജ,
ജില്ലാ മെഡിക്കൽ ഒാഫീസർ
ആലപ്പുഴ
കണ്ടെയ്ന്റ്മെന്റ് സോണുകൾ: 26
രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടിവരും. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്.
ബീച്ചുകളിലെയും മാളുകളിലെയും പ്രവേശന സമയം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കും.
എ. അലക്സാണ്ടർ
ജില്ലാ കളക്ടർ, ആലപ്പുഴ
രോഗ വ്യാപനം കൂടുതലാണ്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേരെ പരിശോധനകൾക്ക് വിധേയമാക്കും. നിയന്ത്രണ കടുപ്പിച്ചിട്ടുണ്ട്. ഡോ. കെ.എൻ. ദീപ്തി
ഡെപ്യൂട്ടി ഡി.എം.ഒ
ആലപ്പുഴ
കോട്ടയം
ആകെ കണ്ടെയ്ന്റ്മെന്റ് സോണുകൾ- 407,
കളക്ടറേറ്റ് അടക്കം മുഴുവൻ സർക്കാർ ഓഫീസുകളിലും നിയന്ത്രണം. ആളുകളെ കയറ്റിവിടാതെ അപേക്ഷകൾക്ക് പ്രത്യേക ബോക്സ് സംവിധാനം ഏർപ്പെടുത്തി.
ഏത് പ്രദേശത്താണോ രോഗവ്യാപനമെന്ന് കണ്ടെത്തി അവിടെ സെക്ടറൽ മജിസ്ട്രേറ്റുമാർ പ്രത്യേക നിയന്ത്രണങ്ങൾ ഊർജിതമാക്കുകയാണ്. കർഫ്യൂ അടക്കം പൊതുനിയന്ത്രണങ്ങൾ ജില്ലയിൽ കർശനമാക്കിയിട്ടുണ്ട്. -
എം.അഞ്ജുന,
കളക്ടർ
ജില്ലയിൽ ഗുരുതര സാഹചര്യമാണ്. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാൽ പഴയ രീതിയിലേയ്ക്കെത്താൻ കുറഞ്ഞത് മൂന്ന് ആഴ്ചയെങ്കിലുമെടുക്കും. കഴിവതും ആളുകൾ പുറത്തിറങ്ങാതിരിക്കുക.
ഡോ.ജേക്കബ് വറുഗീസ്,
ഡി.എം.ഒ
ഇടുക്കി
നിലവിൽ കണ്ടെയ്ൻമെന്റ് സോണുകൾ 13.
ജില്ലയിൽ പ്രത്യേകമായുള്ള നിയന്ത്രണങ്ങൾ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ചെക്ക്പോസ്റ്റുകളിൽ കർശന പരിശോധന.
ഇന്നും നാളെയുമായി കൊവിഡ് പരിശോധനകളുടെ എണ്ണം പരമാവധി വർദ്ധിപ്പിക്കും.
എച്ച്. ദിനേശൻ (ഇടുക്കി ജില്ലാ കളക്ടർ)
നിലവിൽ ജില്ലയിലെ ആശുപത്രികളിൽ കൂടുതൽ ബെഡുകൾ, ഓക്സിജൻ എന്നിവയുണ്ട്.
ഡോ. എൻ. പ്രിയ (ജില്ലാ മെഡിക്കൽ ഓഫീസർ)
3000കടന്ന് എറണാകുളം
കണ്ടെയ്ൻമെന്റ് സോണുകൾ : ആകെ 11.
ഇന്നലെ എറണാകുളത്ത് 3212 പേർക്കാണ് കൊവിഡ് പോസിറ്റീവ് ആയത്.
നിയന്ത്രണങ്ങളുടെ ഭാഗമായി വീടുകളിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററുകൾക്ക് നിരോധനം ഏർപ്പെടുത്തി. സർക്കാർതലത്തിൽ ഉൾപ്പെടെ മുഴുവൻ യോഗങ്ങളും പരിശീലന പരിപാടികളും ഓൺലൈനിൽ ഒതുക്കും. ആരാധനാലയങ്ങളിലും ജനപങ്കാളിത്തം നിയന്ത്രിക്കും
പത്തു ദിവസത്തിനകം കൊവിഡ് വ്യാപന നിരക്ക് കുറയ്ക്കാൻ കഴിയും. തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും വ്യാപാരിവ്യവസായി സംഘടനകളുടെയും സഹകരണത്തോടെ സമഗ്രമായ പദ്ധതിയാണ് കൊവിഡ് പ്രതിരോധത്തിനായി തയ്യാറാക്കിയിരിക്കുന്നത്.
എസ്.സുഹാസ്, കളക്ടർ
ജില്ലയിലെ 21 സ്വകാര്യ ആശുപത്രികൾ കൊവിഡ് പ്രതിരോധത്തിൽ പങ്കാളികളാകും. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ് ) ഗുണഭോക്താക്കളായ ആയുഷ്മാൻ ഭാരത് കാർഡ് ഉള്ളവർക്ക് ഈ ആശുപത്രികളിൽ നേരിട്ടെത്തി കൊവിഡ് ചികിത്സ തേടാം.
ഡി.എം.ഒ ഡോ.കെ.കെ.കുട്ടപ്പൻ
തൃശൂർ
കാണികളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും തൃശൂർ പൂരം നടക്കുന്ന ദിവസങ്ങളിൽ നഗരം പൂർണമായും പൊലീസ് നിയന്ത്രണത്തിലാകും. സ്വരാജ് റൗണ്ടിലേക്കുള്ള എല്ലാ വഴികളും അടയ്ക്കും. പൊതുഗതാഗതവും റൗണ്ടിൽ ഉണ്ടാകില്ല.
ജനങ്ങൾ മാസ്ക് കൃത്യമായി ധരിക്കണം. ഇത്തരം കാര്യങ്ങൾ വളരെ ഗൗരവത്തോടെ ശ്രദ്ധിക്കേണ്ടതാണ്.
എസ്. ഷാനവാസ് ,കളക്ടർ
കഴിഞ്ഞ ഒരാഴ്ചയായി 16 മുതൽ 22 വരെയാണ് ജില്ലയിൽ പൊസിറ്റിവിറ്റി റേറ്റ്. പ്രതീക്ഷിച്ചതിലും കൂടുതലാണിത്. പക്ഷേ, ജീവനക്കാരുടെ അപര്യാപ്തതകൾക്കിടയിലും എല്ലാ ഒരുക്കങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ട്.
ഡോ. കെ.ജെ. റീനജില്ലാ മെഡിക്കൽ ഓഫീസർ
പാലക്കാട്
38 കണ്ടെയ്ൻമെന്റ് സോണുകളുണ്ട്.
കേരളത്തിലേക്ക് ജില്ലാ അതിർത്തിവഴി വരുന്ന അന്തർസംസ്ഥാന യാത്രക്കാരിൽ ആർ.ടി.പി.സി.ആർ പ്രകാരമുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ ജാഗ്രതാ പോർട്ടലിൽ അപ്ലോഡ് ചെയ്യണം.
അന്തർ സംസ്ഥാന യാത്രക്കാർക്ക് ഇ-പാസ് നിർബന്ധമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ രോഗികളുള്ള പാലക്കാട് നഗരസഭാ പരിധിയിലും മറ്റ് ഗ്രാമാണ മേഖലകളിലും ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധന പുരോഗമിക്കുന്നുണ്ട്.
മൃൺമയി ജോഷി ശശാങ്ക്, കളക്ടർ
മാസ് പരിശോധനയ്ക്ക് ശേഷം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വർദ്ധനയുണ്ട്. സംസ്ഥാന ശരാശരിയേക്കാൾ കുറവാണ് ജില്ലയിലെ തോത്.
ഡോ. കെ.പി.റീത്ത, ഡി.എം.ഒ പാലക്കാട്
മലപ്പുറം
കണ്ടയ്ൻമെന്റ് സോണുകളില്ല.
പൊലീസ് പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി നിരീക്ഷണത്തിന് ഡ്രോൺ ഉപയോഗിക്കും. റംസാനിൽ പള്ളികളിൽ പ്രാർത്ഥനകളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലടക്കം നിബന്ധനകൾ ഏർപ്പെടുത്തി.
കൊവിഡ് വ്യാപനം ആശങ്കയേറ്റുന്ന സാഹചര്യമാണ്. രോഗപ്രതിരോധ പ്രവർത്തനത്തിനായുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. റംസാൻ മാസത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആരാധനാലയങ്ങളിൽ മുൻകരുതൽ നിർദ്ദേശങ്ങൾ പൂർണ്ണമായും നടപ്പാക്കും.
കെ.ഗോപാലകൃഷ്ണൻ, കളക്ടർ
ഇന്നും നാളെയും 30,000 പേർക്ക് മെഗാ കൊവിഡ് ടെസ്റ്റിംഗ് ഡ്രൈവ് സംഘടിപ്പിക്കും.
ഡോ. കെ.സക്കീന,
ജില്ലാ മെഡിക്കൽ ഓഫീസർ
ആശങ്കയുടെ മുൾമുനയിൽ കോഴിക്കോട്
കണ്ടെയ്ൻമെന്റ് സോണുകൾ - 178
ഞായറാഴ്ച കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണുകൾ അടച്ചിടും.കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത ചടങ്ങുകൾക്ക് മാത്രം അനുമതി നൽകുകയുള്ളു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തിൽ എട്ട് ശതമാനം വർദ്ധനവാണുണ്ടായത്. നിയന്ത്രണങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ സമ്പൂർണ ലോക്ക് ഡൗണിലേക്ക് പോകേണ്ടുന്ന സാഹചര്യമുണ്ടാകും.
എസ്.സാംബശിവ റാവു, കളക്ടർ
ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും കൊവിഡ് മാസ് ടെസ്റ്റിംഗ് ക്യാമ്പുകൾ സംഘടിപ്പിക്കും. 40 : 60 എന്ന അനുപാതത്തിൽ ആർ. ടി.പി.സി.ആർ, ആന്റിജൻ ടെസ്റ്റുകളാണ് നടത്തുന്നത്.
ഡോ.പിയൂഷ് നമ്പൂതിരിപ്പാട് ,
ജില്ലാ മെഡിക്കൽ ഓഫീസർ
വയനാട്
കൊവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാന അതിർത്തികളിലേക്ക് കൂടി വ്യാപിച്ചു.അതിർത്തികളിൽ ഇതിനായുളള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലേക്ക് പ്രവേശിക്കുന്ന അന്തർ സംസ്ഥാന യാത്രക്കാർ (ചരക്കുവാഹനങ്ങൾ, ടാക്സികൾ, അന്തർ സംസ്ഥാന ബസ്സുകളിലെ ജീവനക്കാർ ഒഴികെ) കൊവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും 48 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ. ടെസ്റ്റ് റിസൾട്ട് ഹാജരാക്കുകയോ അല്ലായെങ്കിൽ അതിർത്തിയിലെ ടെസ്റ്റിംഗ് സെന്ററിൽ ടെസ്റ്റിന് വിധേയരാക്കുകയോ വേണം. അല്ലാത്തപക്ഷം 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈനിൽ പ്രവേശിക്കണം
ഡോ: അദീല അബ്ദുളള ,കളക്ടർ
കൊവിഡ് പശ്ചാത്തലത്തിൽ സേവനങ്ങൾ നൽകുന്നതിനായി ആവശ്യമായ ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നീ ഉദ്യോഗസ്ഥർക്ക് പുറമെ മറ്റ് വകുപ്പുകളിലെ ജീവനക്കാരെയും ഫെസിലിറ്റേഷൻ സെന്ററുകളിൽ നിയമിക്കും
ഡോ: ആർ. രേണുക, മെഡിക്കൽ ഒാഫീസർ
കണ്ണൂർ
കണ്ടെയ്ൻമെന്റ് സോണുകൾ 87
കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലയിലെ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ണൂർ കോർപ്പറേഷൻ, പയ്യന്നൂർ, തലശേരി നഗരസഭകൾ, ചെറുതാഴം, ചെറുപുഴ പഞ്ചായത്തുകളിലെ ഏതാനും വാർഡുകളിലുമാണ് 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്നലെ രാവിലെ മുതൽ 27ന് അർദ്ധരാത്രി 12 വരെയാണ് നിരോധനാജ്ഞ
ചില പ്രദേശങ്ങളിൽ നിയന്ത്രണം കടുപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.പൊതു, സ്വകാര്യ സ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂടരുത്,ഗ്രൂപ്പ് മത്സരങ്ങൾ, ടൂർണമെന്റുകൾ, ടർഫിലെ കളികൾ, ജിംനേഷ്യം, കരാട്ടെ എന്നിവ അനുവദിക്കില്ല.
ടി.വി.സുഭാഷ്,ജില്ലാ കളക്ടർ
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാക്സിനേഷൻ ശക്തിപ്പെടുത്താൻ തീരുമാനിച്ചുിട്ടുണ്ട്.
ഡോ. കെ. നാരായണ നായ്ക്ക്,
ജില്ലാ മെഡിക്കൽ ഓഫീസർ
കാസർകോട്
നിലവിൽ കണ്ടെയ്ൻമെന്റ് സോണുകൾ 4.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും വരുന്നവർക്ക് കാസർകോട് അതിർത്തിയിൽ ആർ. ടി .പി. സി .ആർ ടെസ്റ്റ് നിർബന്ധമാക്കി. പ്രധാന നഗരങ്ങളിൽ ജനങ്ങളുമായി കൂടുതൽ ഇടപെടുന്ന വ്യാപാരികൾ, തൊഴിലാളികൾ, ബസ് ജീവനക്കാർ എന്നിവർ കൊവിഡ് ടെസ്റ്റിന് വിധേയമാകണം.
ഈ രീതിയിൽ രോഗവ്യാപനം തുടർന്നാൽ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങൾ മതിയാകാതെ വരും. പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾ സഹകരിക്കണം.
ഡോ.ഡി.സജിത് ബാബു ,കളക്ടർ
ടാറ്റാ കൊവിഡ് ആശുപത്രിയിൽ 150 ബെഡുകൾ കൂടി ഒരുക്കും. നിലവിൽ 200 പേരെ ചികിത്സിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.
ഡോ. ഏ. വി രാംദാസ്, ഡി .എം. ഒ കാസർകോട്