'മലപോലെ വന്നത് മഞ്ഞുപോലെ പോയി' എന്നത് കേട്ടു പഴകിയ ചൊല്ലാണ്. ഇപ്പോൾ തലസ്ഥാന നിവാസികളുടെ അവസ്ഥ ഏതാണ്ട് ഇമ്മട്ടിലാണ്. കാത്തുകാത്തിരുന്നത് കൈവരുമെന്നായപ്പോൾ കിട്ടാത്ത അവസ്ഥ. പറഞ്ഞുവരുന്നത് കൊവിഡ് വാക്സിന്റെ കാര്യം. കൊവിഡ് വാക്സിൻ വിതരണത്തിന് തലസ്ഥാന നഗരിയിൽ നിരവധി കേന്ദ്രങ്ങളാണ് ആരോഗ്യവകുപ്പും സർക്കാരും സജ്ജമാക്കിയിരുന്നത്. പ്രധാനപ്പെട്ട ആശുപത്രികൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ വിവിധ കേന്ദ്രങ്ങൾ ഇതിനായി ഒരുക്കി. കൊവാക്സിൻ, കൊവിഷീൽഡ് എന്നീ രണ്ട് വാക്സിനുകളാണ് ഇവിടെ വിതരണത്തിനായി എത്തിച്ചതും.
എന്തുകാര്യമായാലും ആദ്യം അതിന് വില കല്പിക്കാതിരിക്കുക എന്നത് ശരാശരി മലയാളികളുടെ രക്തത്തിൽ കലർന്നിട്ടുള്ള സ്വഭാവമാണല്ലോ. വാക്സിൻ സ്റ്റോക്ക് ചെയ്ത് , സർവവിധ മുൻകരുതലുകളുമായി ആരോഗ്യവകുപ്പ് ജീവനക്കാർ മിക്ക കേന്ദ്രങ്ങളിലും കാത്തിരുന്നു. പക്ഷേ ആൾക്കാർക്ക് തീരെ താത്പര്യക്കുറവ്. നിർബന്ധിച്ച് വാക്സിൻ എടുപ്പിക്കേണ്ടതു പോലെയായിരുന്നു തുടക്കത്തിൽ കാര്യങ്ങൾ. പലവിധത്തിലുള്ള പ്രചാരണങ്ങൾ പോലും അധികൃതർക്ക് നടത്തേണ്ടി വന്നു. വാക്സിനെടുക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളായിരുന്നു പലർക്കും. സംശയം ചോദിച്ചവരോട് തങ്ങളുടെ ഭാവനാ വിലാസത്തിന് അനുസരിച്ച് പൊടിപ്പും തൊങ്ങലും വച്ച് വാക്സിന്റെ ഗുണദോഷങ്ങൾ പല നാട്ടുവൈദ്യന്മാരും വിശദീകരിച്ചു. വാക്സിൻ വേണമെന്നും വേണ്ടെന്നുമുള്ള ആശയക്കുഴപ്പം മൂലം 'വേണ്ടണം' എന്ന മാനസികാവസ്ഥയിലായി പലരും. വാക്സിൻ സ്വീകരിച്ചവർക്കുണ്ടായ ശാരീരിക വിഷമതകൾ ചിലർ അല്പം പെരുപ്പിച്ച് പറയാനും തുടങ്ങി. ഇതെല്ലാമാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ കേന്ദ്രങ്ങളിലേക്കുള്ള ജനത്തിരക്ക് കുറയാൻ കാരണമായത്. എങ്കിലും ക്രമേണ വാക്സിനോട് ആൾക്കാർക്കുള്ള താത്പര്യം വർദ്ധിച്ചു തുടങ്ങി.
രണ്ടാം വരവിൽ കളി മാറി
കൊവിഡിന്റെ രണ്ടാം വരവ് ജനിതകമാറ്റം വന്ന് അതിശക്തമായി ആയതോടെ സംഗതികൾ മാറിമറിഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ തീഷ്ണതയെക്കുറിച്ച് തുടർച്ചയായി വാർത്തകൾകൂടി വന്നു തുടങ്ങിയപ്പോൾ ജനങ്ങൾക്ക് പരിഭ്രാന്തിയേറി. സ്വന്തം ജീവൻ നിലനിറുത്തുന്നതിനെക്കുറിച്ചുള്ള തിരിച്ചറിവും ബോധവും അപ്പോഴാണ് പലർക്കുമുണ്ടായത്. വാക്സിനെ നിസാരവത്കരിച്ച് പറഞ്ഞു നടന്നവർ പോലും പൊടുന്നനെ ഗൗരവക്കാരായി. അതോടെ വാക്സിനെടുപ്പിനുള്ള കൂട്ടയോട്ടമായി . ആളുകളുടെ തള്ളിക്കയറ്റമായതോടെ വാക്സിൻ കേന്ദ്രങ്ങളുടെ അവസ്ഥ മാറി. എത്തുന്ന എല്ലാവർക്കും നൽകാൻ വാക്സിൻ സ്റ്റോക്കില്ല. പല കേന്ദ്രങ്ങളും അടച്ചുപൂട്ടി. പരിഭ്രാന്തി കൂടിയതോടെ എല്ലാ കേന്ദ്രങ്ങൾക്കു മുന്നിലും നിയന്ത്രിക്കാനാവാത്ത ജനക്കൂട്ടം. നീണ്ട ക്യൂവും രജിസ്ട്രേഷനും മറ്റുപാധികളുമൊക്കെ ഏർപ്പെടുത്തി തിരക്ക് കുറയ്ക്കാൻ ശ്രമിച്ചെങ്കിലും ഒരു രക്ഷയുമില്ലാതായി. സ്വന്തം വാഹനത്തിലും ഓട്ടോറിക്ഷയിലുമൊക്കെ വാക്സിൻ കേന്ദ്രത്തിന് മുന്നിലെത്തുമ്പോഴാണ് , വലിയ ബോർഡ് കണ്ണിൽപ്പെടുക.' ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ വാക്സിൻ ഉണ്ടായിരിക്കുന്നതല്ല' . നിരാശരായി അധികൃതരെ വഴക്ക് പറഞ്ഞാണ് പലരും മടങ്ങുന്നത്. തിക്കും തിരക്കും നിയന്ത്രിക്കാൻ പൊലീസിനും ഏറെ പണിപ്പെടേണ്ടി വരുന്നു. മിക്ക കേന്ദ്രങ്ങളിലും തർക്കത്തോട് തർക്കം. ആവശ്യത്തിന് വാക്സിൻ കിട്ടാതെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും ഒന്നും ചെയ്യാനാവില്ലല്ലോ.
വിശക്കുന്നവന് ഉണ്ണാൻ
ഉണ്ടവന് ഉറങ്ങാനും
'വിശക്കുന്നവൻ ഉണ്ണാൻ വെമ്പുമ്പോൾ, ഉണ്ടവന് ഉറങ്ങാനുള്ള വെമ്പൽ' എന്ന പോലെയാണ് ഇപ്പോഴത്തെ അവസ്ഥ. ആദ്യ ഘട്ട വാക്സിൻ സ്വീകരിച്ച മിക്കവർക്കും രണ്ടാംഘട്ട വാക്സിൻ സ്വീകരിക്കേണ്ട സമയമായി. കൊവിഷീൽഡ് എടുത്തവർക്ക് 42 ദിവസം മുതൽ 52 ദിവസത്തിനുള്ളിലാണ് രണ്ടാംഘട്ട വാക്സിൻ സ്വീകരിക്കേണ്ടത്. കൊവാക്സിൻ സ്വീകരിച്ചവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാംഘട്ടം എടുക്കണം. എങ്ങനെയും ആദ്യ ഘട്ടമെങ്കിലുമെടുത്ത് കൊവിഡ് ഭീഷണിയിൽ നിന്ന് സുരക്ഷിതരാവാൻ വലിയൊരു വിഭാഗം നെട്ടോട്ടമോടുമ്പോഴാണ്, രണ്ടാം ഘട്ടമെടുക്കാനുള്ളവരുടെ തിക്കിത്തിരക്കും. കേന്ദ്രത്തിന് ആവർത്തിച്ച് കത്തുമയച്ച് വാക്സിൻ വരുന്നതും നോക്കി കാത്തിരിപ്പാണ് അധികൃതർ. ഒന്നാംഘട്ട വാക്സിൻ സ്വീകരിക്കേണ്ടവർക്കും രണ്ടാംഘട്ടം നൽകേണ്ടവർക്കും വേണ്ടത്ര വാക്സിൻ എത്തിക്കാൻ ഇനിയും സംവിധാനമായില്ലെങ്കിലും അധികൃതരുടെ പ്രഖ്യാപനത്തിന് തെല്ലുമില്ല പഞ്ഞം. 18 കഴിഞ്ഞവർക്കെല്ലാം മെയ് മാസം മുതൽ വാക്സിൻ നൽകുമെന്ന പ്രഖ്യാപനമാണ് വന്നിട്ടുള്ളത്. ക്ഷാമമില്ലാതെ വാക്സിൻ എത്താക്കാമെന്ന ആത്മിവിശ്വാസത്തിന്റെ പുറത്താവും കേന്ദ്രം ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിട്ടുള്ളത്. കാര്യമെന്തായാലും ജനങ്ങളിലുള്ള ആശങ്ക തെല്ലകറ്റാൻ ഈ പ്രഖ്യാപനം പര്യാപ്തമാണു താനും. എങ്കിലും ഇപ്പോൾ വാക്സിൻ കേന്ദ്രങ്ങൾക്ക് മുന്നിൽ കാണുന്ന തിരക്കിനും പരാതികൾക്കും പരിഹാരം കാണാനുള്ള നടപടികളല്ലെ സത്വരമായി കൈക്കൊള്ളേണ്ടത്.
ഇതുകൂടി കേൾക്കണേ
ദാനം കിട്ടുന്ന പശുവിന്റെ പല്ല് എണ്ണിനോക്കുന്നത് പാരമ്പര്യമായി നമുക്ക് കിട്ടിയിട്ടുള്ള ശീലമാണ്. ജനങ്ങളുടെ ജീവൻരക്ഷ മുന്നിൽക്കണ്ടാണ് കേന്ദ്രം തുടക്കത്തിൽ ആവശ്യത്തിന് വാക്സിൻ എത്തിച്ചത്. അപ്പോൾ ചിലരെല്ലാം വാക്സിനെ സംശയദൃഷ്ടിയോടെയാണ് കണ്ടത്. കാര്യങ്ങൾ കൈവിട്ടുപോകുന്ന ഘട്ടമെത്തിയപ്പോൾ പറഞ്ഞതെല്ലാം മറന്നു.