arrestilaya-prathikal

കല്ലമ്പലം: വാഹനത്തിൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ചുകൊടുക്കുന്ന മൂന്നംഗ സംഘം അറസ്റ്റിൽ. നാവായിക്കുളം കാട്ടിൽ സമീർ മൻസിലിൽ അൻസർ (37), വെള്ളുർക്കോണം മുക്കുകട വീട്ടിൽ നസീർ (47), മുക്കുകട കൂനൻച്ചാൽ വീട്ടിൽ ഷാജഹാൻ (35) എന്നിവരാണ് അറസ്റ്റിലായത്. മദ്യ വില്പനയ്ക്കിടെ കഴിഞ്ഞദിവസം വൈകിട്ട് നാവായിക്കുളത്തിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ ഉൾപ്പെടെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 8.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും മദ്യം പകർന്ന്‍ വില്പന നടത്താൻ വച്ചിരുന്ന ചെറിയ കുപ്പികളും മദ്യം വിറ്റ 5400 രൂപയും പൊലീസ് കണ്ടെടുത്തു. കല്ലമ്പലം സി.ഐ മനുരാജിന്റെ നേതൃത്വത്തിൽ എസ്‌.ഐ രഞ്ജു ആർ.എസ്, എ.എസ്.ഐ സുനിൽ, സീനിയർ സി.പി.ഒ സുരാജ്, സി.പി.ഒ വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജാരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഫോട്ടോ : അറസ്റ്റിലായ പ്രതികൾ