ഹൈക്കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ വിരമിച്ച ജഡ്‌ജിമാരെ അഡ്‌ഹോക് ജഡ്‌ജിമാരായി നിയമിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നു. ലോക് പ്രഹരി എന്ന സംഘടന നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
ജഡ്‌ജിമാരുടെ ഒഴിവുകൾ നികത്തപ്പെടാതെ തുടരുന്നതു കാരണം കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഭരണഘടനയുടെ 224 എ വകുപ്പ് പ്രകാരം രാഷ്ട്രപതിയുടെ അനുമതിയോടെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിരമിച്ച ജഡ്‌ജിമാരെ നിയമിക്കാം. ഇതുപ്രകാരം ഹൈക്കോടതികളിൽ ആകെ ജഡ്‌ജിമാരുടെ 20 ശതമാനത്തിൽ കൂടുതൽ ഒഴിവു വന്നാൽ അഡ്‌ഹോക് ജഡ്‌ജിമാരെ നിയമിക്കാമെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്.
പ്രത്യേക പരിഗണന ആവശ്യമുള്ളതും അഞ്ചുവർഷത്തിൽ കൂടുതലായി പരിഗണനയിലിരിക്കുന്നതുമായ കേസുകൾ തീർപ്പാക്കാനാണ് അഡ്‌ഹോക് ജഡ്‌ജിമാരുടെ സേവനം ഉപയോഗിക്കേണ്ടത്. രണ്ട് മുതൽ അഞ്ച് വരെ അഡ്‌ഹോക് ജഡ്‌ജിമാരെ നിയമിക്കാം. അലവൻസുകളും ആനുകൂല്യങ്ങളും സ്ഥിരം ജഡ‌്‌ജിമാർക്ക് തുല്യമായിരിക്കും.
കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിന് അഡ്‌ഹോക് ജഡ്‌ജിമാരെ നിയമിക്കുന്നത് നല്ല കാര്യമാണ്. പക്ഷേ അതിന്റെ പേരിൽ ഒഴിവുകൾ അനന്തമായി നികത്തപ്പെടാതെ പോകരുത്. കൊളീജിയം ശുപാർശകൾ സർക്കാർ തലത്തിൽ വച്ച് താമസിപ്പിക്കുന്ന ഒരു പ്രവണത പല കാരണങ്ങളാൽ കണ്ടുവരാറുണ്ട്. സുപ്രീംകോടതിയിലെ ഒഴിവുകൾ നികത്തണമെന്നാവശ്യപ്പെട്ട് പൊതുവേദിയിൽ ഒരു മുൻ ചീഫ് ജസ്റ്റിസ് കണ്ണുനീർ തൂകിയത് മറക്കാൻ സമയമായിട്ടില്ല.
ബാറിൽ നിന്ന് ബെഞ്ചിലേക്കുള്ള വരവിന് ഇപ്പോൾ പഴയ കാലത്തുള്ള ആകർഷണീയതയില്ല. ഒന്നാമത് നല്ല പ്രാക്ടീസ് ഉള്ള വക്കീലിന് ലഭിക്കുന്ന വരുമാനം വളരെ വലുതാണ്. ജഡ്‌ജി പദവി ആദരവ് അർഹിക്കുന്നതാണെങ്കിലും പ്രതിഫലം കാലഘട്ടത്തിനനുസരിച്ച് ഉയർന്നിട്ടില്ല. ചില വക്കീലന്മാർ ഒരു തവണ ഹാജരാകാൻ വാങ്ങുന്ന തുക ജഡ്‌ജിയുടെ ആറുമാസത്തെ ശമ്പളത്തിന് തുല്യമായിരിക്കും. പ്രത്യേകിച്ചും സുപ്രീംകോടതിയിൽ.
ജഡ്‌ജിമാരുടെ ശമ്പളവും വിരമിക്കൽ പ്രായവും ഉയർത്തിയാൽ ബാറിൽ നിന്ന് കൂടുതൽ പ്രഗത്ഭർ ബെഞ്ചിലേക്ക് മാറാൻ തയ്യാറാകും. ഇതോടൊപ്പം തന്നെ പ്രൊമോഷൻ വഴിയുള്ള ജഡ്‌ജി നിയമനവും ത്വരിതപ്പെടുത്തണം. കേസുകൾ അനാവശ്യമായി നീണ്ടുപോകുന്നതിന് ഒരു പ്രധാന കാരണം നിസാര കാരണങ്ങളുടെ പേരിൽ കേസുകൾ മാറ്റിവയ്‌ക്കേണ്ടിവരുന്നതാണ്. വക്കീലന്മാരുടെ സഹകരണമാണ് ഇക്കാര്യത്തിൽ ഏറ്റവും ആവശ്യമായി വേണ്ടത്. ഓരോ തവണ ഹാജരാവുമ്പോഴും ഫീസ് വാങ്ങാനുള്ള അവസരമായി ചിലരെങ്കിലും അത് മാറ്റി എടുക്കാറുണ്ട്. ഒരു കേസ് എത്ര തവണ മാറ്റിവയ്ക്കാം എന്നതിന് ഒരു പരിധി കഴിയുമെങ്കിൽ നിശ്ചയിക്കുന്നതു പോലും നല്ലതാണ്.
ഇന്ത്യയിൽ 56 ലക്ഷത്തോളം കേസുകൾ കെട്ടിക്കിടക്കുന്നതായാണ് കണക്കാക്കുന്നത്. സുപ്രീംകോടതിയിൽ മാത്രം 65,000 കേസുകൾ കെട്ടിക്കിടക്കുന്നു. ഇതിൽ 52,391 എണ്ണം സിവിൽ കേസുകളും 12,940 എണ്ണം ക്രിമിനൽ കേസുകളുമാണ്. ഒരു വർഷം റിവ്യുവിന് വരുന്ന 7000 കേസുകളിൽ പരമാവധി 100 - 150 കേസുകളാണ് സുപ്രീംകോടതിക്ക് പരിഗണിക്കാൻ കഴിയുന്നത്.
കേരള ഹൈക്കോടതിയിലെ 47 ജഡ്‌ജിമാരുടെ മൊത്തം ഒഴിവുകളിൽ 40 എണ്ണവും നികത്തപ്പെട്ടത് ആശ്വാസകരമാണ്. ബാക്കിയുള്ള ഏഴ് ഒഴിവുകളും താമസംവിനാ നികത്തപ്പെടുമെന്ന് പ്രതീക്ഷിക്കാം.