കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം അതിതീവ്രമായതോടെ സൂപ്പർ മെഗാ താരങ്ങളുടേതടക്കം ഒട്ടേറെ ചിത്രങ്ങളുടെ ഷൂട്ടിംഗ് നിറുത്തിവച്ചു. മോഹൻലാൽ സംവിധായകനാകുന്ന ചിത്രമായ ബറോസ്, അമൽ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമായ ഭീഷ്മപർവ്വം, ജോഷി സംവിധാനം ചെയ്യുന്ന സുരേഷ്ഗോപി ചിത്രമായ പാപ്പൻ എന്നിവയാണ്ചിത്രീകരണം നിറുത്തിവച്ച വമ്പൻ ചിത്രങ്ങൾ. കൊവിഡ് വ്യാപനത്തിൽ കുറവ് വന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ചിത്രങ്ങളുടെ ചിത്രീകരണം നിറുത്തിവയ്ക്കുമെന്നാണ് സൂചന.
മാർച്ച് 31ന് എറണാകുളത്ത്ചിത്രീകരണമാരംഭിച്ച ബറോസ് ഗോവയിലേക്ക് ഷിഫ്ട് ചെയ്യാനിരിക്കവേയാണ് അവിചാരിതമായി ഷെഡ്യൂൾ ബ്രേക്ക് ചെയ്തത്. ഗോവൻ ഷെഡ്യൂളിൽ പങ്കെടുക്കേണ്ട ചില അഭിനേതാക്കൾക്കുൾപ്പടെ കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് ബറോസിന്റെ ചിത്രീകരണം നിറുത്തിവച്ചത്. എറണാകുളത്ത് സെറ്റ് വർക്ക് പുരോഗമിക്കുന്ന ചിത്രം സെറ്റ്വർക്ക് പൂർത്തിയായശേഷം പുനരാരംഭിക്കാനാണ്നീക്കം. സുരക്ഷാമാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഇൻഡോർ ഷൂട്ടിംഗ് നടത്തും.
അമൽ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമായ ഭീഷ്മപർവ്വം കഴിഞ്ഞ ശനിയാഴ്ചയാണ് ഷെഡ്യൂൾ പായ്ക്കപ്പ് ചെയ്തത്. ഇനി ഇരുപത് ദിവസത്തിലേറെ ചിത്രീകരണമവശേഷിക്കുന്ന ഭീഷ്മപർവ്വത്തിൽ മമ്മൂട്ടിക്ക് പത്ത് ദിവസത്തെ വർക്ക് കൂടിയുണ്ട്. കൊവിഡ് വ്യാപനത്തിൽ കുറവ് വന്നതിന് ശേഷമേ ഭീഷ്മപർവ്വത്തിന്റെ ചിത്രീകരണം പുനരാരംഭിക്കൂവെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.
സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്റെ ഷൂട്ടിംഗ് ചൊവ്വാഴ്ചയാണ് നിറുത്തിവച്ചത്. ഇരുന്നൂറോളം പേർ പങ്കെടുക്കുന്ന ഔട്ട് ഡോർ രംഗങ്ങളാണ് വരും ദിവസങ്ങളിൽ പാപ്പന് വേണ്ടി ചിത്രീകരിക്കാൻ പ്ളാൻ ചെയ്തിരുന്നത്. വീണ്ടും ആൾക്കൂട്ടത്തിന് നിയന്ത്രണമേർപ്പെടുത്തിയതിനാൽ മുൻ നിശ്ചയ പ്രകാരം ഷൂട്ടിംഗ് മുന്നോട്ട് കൊണ്ടുപോകാനായില്ലെന്നുറപ്പായതിനാലാണ് ചിത്രം ഷെഡ്യൂൾ പായ്ക്കപ്പ് ചെയ്തത്. ഫ്ളാഷ് ബാക്ക് രംഗങ്ങളുടേതുൾപ്പെടെ ഇരുപത് ദിവസത്തെ ചിത്രീകരണമാണ് പാപ്പന് ഇനി ബാക്കിയുള്ളത്. മേയ് അഞ്ച് മുതൽ പാപ്പന്റെ ചിത്രീകരണം പുനരാരംഭിക്കാനാണ് നീക്കമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
രാജമൗലിയുടെ
ചിത്രത്തിനും ബ്രേക്ക്
രാംചരൺ തേജ, ജൂനിയർ എൻ.ടി.ആർ, അജയ് ദേവ്ഗൺ, ആലിയ ഭട്ട് എന്നിവരെ പ്രധാന താരങ്ങളാക്കി രാജമൗലി സംവിധാനം ചെയ്യുന്ന ആർ.ആർ. ആറിന്റെ ഷൂട്ടിംഗും കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് കഴിഞ്ഞ ദിവസം നിറുത്തി.
തെലങ്കാനയിൽ രാത്രികാല കർഫ്യൂ പുറപ്പെടുവിച്ചതിനാലാണ് ആർ.ആർ.ആർ. നിറുത്തിവച്ചത്. മേയ് 1 വരെ അമ്പതിൽ കവിയാത്ത ചിത്രീകരണ സംഘത്തെ വച്ച് മാത്രമേ ഷൂട്ടിംഗ് തുടരാൻ പാടുള്ളൂവെന്ന് തെലുങ്ക് ഫിലിം ചേംബർ ഒഫ് കോമേഴ്സ് ചലച്ചിത്ര പ്രവർത്തകരെ അറിയിച്ചിരുന്നു. തുടർന്നാണ് രാജമൗലി തന്റെ ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ കാൻസൽ ചെയ്തത്. അമ്പത് പേരടങ്ങുന്ന ചിത്രീകരണ സംഘത്തെ വച്ച് ആർ.ആർ.ആർ. പോലൊരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടരാനാവാത്ത സാഹചര്യത്തിലാണിത്. ചിത്രത്തിന്റെ എൺപത്തിയഞ്ച് ശതമാനത്തോളം ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞു. രാംചരൺ തേജയും ആലിയ ഭട്ടും അഭിനയിക്കുന്ന രണ്ട് ഗാനങ്ങളുൾപ്പെടെയുള്ള ചില രംഗങ്ങളാണ് ഇനി ചിത്രീകരിക്കാൻ ബാക്കിയുള്ളത്. കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായ ശേഷമേ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ആരംഭിക്കുകയുള്ളൂവെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായ ശേഷമേ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ആരംഭിക്കുകയുള്ളൂവെന്ന് അണിയറ പ്രവർത്തകർ പറയുന്നു.