d

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക നഷ്ടം കാരണം നഗരത്തിലെ സ്വകാര്യ തിയേറ്റുകൾ പ്രവർത്തിപ്പിക്കേണ്ടതില്ലെന്ന് ഉടമകൾ തീരുമാനിച്ചു. അതേസമയം വിതരണക്കാർ സിനിമ നൽകുന്നിടത്തോളം തുറന്ന് പ്രവർത്തിക്കുമെന്ന് കെ.എസ്.എഫ്.ഡി.സി അധികൃതർ അറിയിച്ചു. നിലവിൽ ന്യൂൺഷോ, മാറ്റിനി ഷോ എന്നിവ മാത്രമേ പ്രദ‌ർശിപ്പിക്കാനാകൂ. നഗരത്തിലെ പ്രമുഖ തിയേറ്ററുകളെല്ലാം ഇന്നലെയും ഇന്നുമായി പ്രദർശനം അവസാനിപ്പിച്ചു. നഗരപരിധിക്ക് പുറത്തുള്ളവയിൽ മിക്കതും വരും ദിവസങ്ങളിൽ അടച്ചിടുമെന്നാണ് വിവരം.

കൊവിഡ് നിയന്ത്രണ വിധേയമായതിന് ശേഷമേ വീണ്ടും തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാകൂവെന്ന് ഉടമകൾ അറിയിച്ചു. രണ്ടാം തരംഗം വ്യാപകമായതോടെ വളരെക്കുറച്ചുപേർ മാത്രമേ ഓരോ ഷോയ്‌ക്കും എത്തിയിരുന്നുള്ളൂ. സൂപ്പർ താര ചിത്രങ്ങൾ പ്രദർശനത്തിനെത്താതിരുന്നതും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി. റംസാൻ നോമ്പ് തുടങ്ങിയതും ആൾക്കാരുടെ എണ്ണം കുറയാൻ ഇടയായി. 10 മാസത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി 13നാണ് തിയേറ്ററുകളിൽ പ്രദർശനം പുനരാരംഭിച്ചത്. അപ്പോഴും 50 ശതമാനം ആൾക്കാർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. സെക്കന്റ് ഷോ നടത്താൻ അനുമതി നൽകിയതിന് പിന്നാലെയാണ് ഇടിത്തീപോലെ കൊവിഡിന്റെ രണ്ടാംതരംഗമെത്തിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിയേറ്ററുകൾ തുറക്കണോ അടച്ചിടണോ എന്ന് ഉടമകൾക്ക് തീരുമാനിക്കാമെന്ന് സംയുക്ത സംഘടനയായ ഫിയോക് നേരത്തെ അറിയിച്ചിരുന്നു.

മരയ്‌ക്കാറും മാലിക്കും വൈകിയേക്കും

മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ - പ്രിയദർശൻ ചിത്രം മേയ് 13നാണ് റിലീസ് ചെയ്യാനിരുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ തുടർന്നാൽ റിലീസ് നീട്ടി വയ്‌ക്കേണ്ടിവരുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ നേരത്തെ പറഞ്ഞിരുന്നു. നിയന്ത്രണങ്ങൾ തുടർന്നാൽ ഫഹദ് ഫാസിൽ ചിത്രം മാലിക്കിന്റെ റിലീസും മാറ്റുമെന്ന് നിർമ്മാതാവ് ആന്റോ ജോസഫ് പറഞ്ഞു. നിലവിൽ മേയ് 13ന് തന്നെയാണ് മാലിക്കും റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. ഇതിനിടെ രജിഷ വിജയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച റിജി നായർ ചിത്രം ഖോ ഖോയുടെ പ്രദർശനം നിറുത്തിവച്ചിരുന്നു.