
ചൊവ്വാഴ്ച രാത്രി രാഷ്ട്രത്തോടായി ചെയ്ത പ്രക്ഷേപണത്തിൽ അവസാന ഉപാധിയായി മാത്രമേ ലോക്ക് ഡൗണിനെക്കുറിച്ച് ആലോചിക്കാവൂ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളെ ഉപദേശിക്കുകയുണ്ടായി. ഒരുവർഷം മുമ്പ് രാജ്യം ലോക്ക് ഡൗണിലായ കാലത്തെ തിക്താനുഭവങ്ങൾ മാറി ചിന്തിക്കാൻ തീർച്ചയായും പ്രേരണയായിട്ടുണ്ടാകാം. കൊവിഡ് രണ്ടാംതരംഗം സൃഷ്ടിക്കുന്ന സമാനതകളില്ലാത്ത ദുരിതാവസ്ഥ ലോക്ക് ഡൗൺ കൂടാതെ തന്നെ ജനങ്ങളുടെ പൂർണ പിന്തുണയും സഹകരണവും കൊണ്ടു നേരിടാനാകുമെന്ന ശുഭപ്രതീക്ഷയാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചത്.
പ്രധാനമന്ത്രിയുടെ വാക്കുകൾ ആത്മവിശ്വാസം പകരാൻ ഒരു പരിധിവരെ പര്യാപ്തമാണെങ്കിലും മുൻപിലുള്ള യാഥാർത്ഥ്യങ്ങൾ സാധാരണ ജനങ്ങളെ അത്രയൊന്നും ആശ്വസിപ്പിക്കുന്നവയല്ല. അതിതീവ്ര രോഗവ്യാപനവും ആരോഗ്യകേന്ദ്രങ്ങൾ നേരിടുന്ന അമിത സമ്മർദ്ദവുമാണ് കാരണം. സംസ്ഥാന സർക്കാരുകളുടെ വരുതിയിലൊതുങ്ങാത്ത നിലയിലാണ് പലേടത്തും രോഗികളുടെ സംഖ്യ കുതിച്ചുയരുന്നത്. അടുത്ത മൂന്നാഴ്ച സ്ഥിതി അതീവ ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പ് ഉത്‌കണ്ഠയോടും ഭീതിയോടും കൂടിയാണ് ജനങ്ങൾ കാണുന്നത്. മഹാമാരിയെ ഒറ്റയടിക്കു നേരിടാനുള്ള കുറുക്കു വഴികളൊന്നുമില്ല. സാദ്ധ്യമായ രീതികളിലൂടെ നേരിടുക മാത്രമാണ് പോംവഴി. രാജ്യമൊന്നടങ്കം അതിനുവേണ്ടിയുള്ള കഠിന പോരാട്ടത്തിലാണ്.
രോഗവ്യാപനം പിടിച്ചുനിറുത്തുന്നതിൽ പ്രതിരോധ കുത്തിവയ്പ് അതിപ്രധാനമായതിനാൽ വാക്സിനേഷൻ യജ്ഞം അതിവിപുലമാക്കേണ്ടത് അടിയന്തരാവശ്യമായി മാറിയിട്ടുണ്ട്. മേയ് ഒന്ന് മുതൽ 18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ നൽകാനുള്ള തീരുമാനം കൂടി വന്നതോടെ കുത്തിവയ്പിനായി ജനങ്ങൾ പരക്കം പായുന്ന കാഴ്ചയാണ് എവിടെയും. കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ കടുത്ത വാക്സിൻ ക്ഷാമം നേരിടുകയാണ്. ഉത്പാദിപ്പിക്കുന്ന വാക്സിന്റെ പകുതി നിർമ്മാതാക്കൾക്ക് പൊതുവിപണിയിൽ നേരിട്ടു വിൽക്കാമെന്നാണ് കേന്ദ്രനയം. പകുതി നേരിട്ട് കേന്ദ്രത്തിനു നൽകണം. കേന്ദ്രം ഇത് മുൻഗണനാ ക്രമത്തിൽ സൗജന്യ കുത്തിവയ്പിനായി സംസ്ഥാനങ്ങൾക്കു നൽകും.
18 വയസിനു മുകളിലുള്ളവർക്കു വേണ്ട വാക്‌സിൻ സംസ്ഥാനങ്ങൾ നേരിട്ടു വിലകൊടുത്തു വാങ്ങണമെന്നാണു നിബന്ധന. സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന സംവിധാനമാണിത്. ഇതു പുനഃപരിശോധിക്കണമെന്നും സൗജന്യമായി വാക്സിൻ സംസ്ഥാനങ്ങൾക്കു നൽകണമെന്നും കേരളം ഉൾപ്പെടെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുകഴിഞ്ഞു. വാക്സിൻ ഉത്‌പാദനം വർദ്ധിപ്പിക്കാനായി കമ്പനികൾക്ക് 4500 കോടി രൂപ നൽകാൻ തയാറായ കേന്ദ്രം സംസ്ഥാനങ്ങളുടെ ആവശ്യം കൂടി നിർവഹിക്കാൻ തയ്യാറാകേണ്ടതാണ്. സാമ്പത്തിക ശേഷിയുള്ള സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ സൗജന്യ വാക്സിനേഷന് നടപടി എടുക്കാവുന്നതാണ്. 18 കഴിഞ്ഞ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് യു.പി പ്രഖ്യാപിച്ചിട്ടുണ്ട്.
മേയ് ഒന്നു മുതൽ വർദ്ധിച്ച തോതിൽ ആളുകൾ എത്തുന്നതു കണക്കിലെടുത്ത് വാക്സിൻ വിതരണത്തിന് കുറ്റമറ്റതും കാര്യക്ഷമവുമായ സംവിധാനം ഏർപ്പെടുത്താൻ നടപടി തുടങ്ങണം. കേരളത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാക്സിൻ ക്ഷാമം മൂലം പല കേന്ദ്രങ്ങളും പ്രവർത്തിക്കുന്നില്ല. കൂട്ടം കൂടൽ പാടില്ലെന്ന് നിബന്ധന ഉള്ളപ്പോഴും വാക്സിൻ കേന്ദ്രങ്ങൾ ജനനിബിഡങ്ങളാണ്. അനവധാനതയോടെ സംവിധാനങ്ങൾ ക്രമീകരിക്കുന്നതു കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. വാക്സിൻ കേന്ദ്രങ്ങൾക്കു മുന്നിലെ യാതന അധികൃതരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. രജിസ്ട്രേഷൻ നിർബന്ധമാക്കുകയും സമയം ക്രമീകരിക്കുകയും ചെയ്താൽ നിഷ്‌പ്രയാസം പരിഹരിക്കാവുന്ന പ്രശ്നമാണിത്. ഇത്രയും എഴുതിയപ്പോഴാണ് വാക്സിൻ വില ഉയർത്തുന്നതായ വിവരം ലഭിച്ചത്. സ്വകാര്യ ആശുപത്രികളിൽ 250 രൂപ ഈടാക്കിയിരുന്നത് 600 രൂപയാക്കി. സർക്കാർ ആശുപത്രികൾ ഒരു ഡോസിന് 400 രൂപയും. പുര കത്തുമ്പോൾത്തന്നെ വാഴ വെട്ടണം.