deepthi

മിസ് കേരളയായി വിജയിച്ച് സിനിമാ രംഗത്തേക്ക് എത്തിയ വ്യക്തിയാണ് ദീപ്തി സതി. ഇതിനോടകം ഏഴ് ചിത്രങ്ങളിൽ ദീപ്തി അഭിനയിച്ച് കഴിഞ്ഞു. ലാൽജോസ് സംവിധാനം ചെയ്ത തന്റെ ആദ്യ സിനിമയായ നീനയിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് ദീപ്തി. അമ്മ കൊച്ചിക്കാരിയായിരുന്നെങ്കിലും പഠിച്ചതും വളർന്നതുമെല്ലാം മുംബൈയിലായിരുന്നുവെന്നും തനിക്ക് മലയാളം ഒരു വാക്കു പോലും അറിയില്ലായിരുന്നുവെന്നും ദീപ്തി പറയുന്നു. "നീനയിലേക്ക് പുതുമുഖത്തെ അന്വേഷിച്ച് ലാൽജോസ് വിളിച്ചപ്പോൾ മലയാളം ഒരു വാക്കു പോലും അറിയാത്ത കുട്ടിയെ നിങ്ങൾക്ക് സിനിമയിലേക്ക് പറ്റുമോയെന്ന് അമ്മ അദ്ദേഹത്തോട് ചോദിച്ചു.അതിനൊക്കെ ഇവിടെ അസിസ്റ്റന്റുമാരുണ്ടെന്നാണ് ലാൽ സാർ പറഞ്ഞത്. അവർ എല്ലാം നോക്കിക്കോളും പേടിക്കേണ്ടെന്നും ലാൽസാർ പറഞ്ഞു. അങ്ങനെ കൊച്ചിയിൽ വന്ന് ഒഡീഷൻ ചെയ്തു. ലാൽ സാർ സിനിമയ്ക്കായി കരുതിയ കഥാപാത്രത്തിന് പറ്റിയ പെൺകുട്ടി ഞാനാണെന്ന് അദ്ദേഹം പറഞ്ഞു" ദീപ്തി പറയുന്നു. അതിനുമുമ്പ് ക്യാമറ പോലും കണ്ടിട്ടില്ലായിരുന്ന തനിക്ക് ചലഞ്ചിംഗ് പടമായിരുന്നു നീനയെന്നും കഥ എഴുതിയ വേണു ചേട്ടനും ലാൽസാറും തന്നെ നന്നായി സഹായിച്ചിരുന്നുവെന്നും ദീപ്തി സതി പറഞ്ഞു. എനിക്ക് സ്‌ക്രിപ്റ്റ് മംഗ്ലീഷിൽ എഴുതിത്തന്നു. അത് വായിച്ചാൽ മതിയായിരുന്നു. നമ്മൾ ഡയലോഗ് പറയുന്നതിന് മുമ്പ് അവർ വായിച്ചു കേൾപ്പിക്കുമായിരുന്നു. അങ്ങനെ കേട്ട് കേട്ട് മലയാളം പറയാൻ പഠിച്ചു. ഇപ്പോഴും എനിക്ക് എഴുതാൻ അറിയില്ല. സംസാരിക്കാൻ നന്നായി പഠിച്ചെന്നും ദീപ്തി പറയുന്നു.