തിരുവനന്തപുരം: കൊവിഡ് ഭീതി സംസ്ഥാനത്തെ വല്ലാതെ ഉലയ്ക്കുന്നതിനിടെ, 22 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വീണ്ടും തലസ്ഥാനത്തെത്തി. കൊവിഡ് പ്രതിരോധവും, വാക്സിൻ വിതരണവുമടക്കം സംസ്ഥാനം നേരിടുന്ന ഗുരുതര പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഏകോപന ചുമതല അദ്ദേഹം ഏറ്റെടുക്കും.
കൊവിഡ് വാക്സിൻ ക്ഷാമമടക്കം അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ മേധാവികളുമായി ഓൺലൈൻ വഴിചർച്ച നടത്തിയ ശേഷമാണ് അദ്ദേഹം കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്. സംസ്ഥാനം നിർണായക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, ഇത്ര നീണ്ട ഇടവേളയിൽ മുഖ്യമന്ത്രി തലസ്ഥാനത്തില്ലാതാവുന്നത് ഇതാദ്യം. ചില്ലറ പോരായ്മകൾ ഈ പ്രവർത്തനങ്ങളിൽ ഉണ്ടാവാൻ കാരണം മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യമാണെന്ന നിരീക്ഷണം ഉയർന്നിരുന്നു.
മാർച്ച് 30 ലെ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പിണറായി കണ്ണൂരിലേക്ക് പോയത്. സ്വന്തം മണ്ഡലമായ ധർമ്മടത്ത് ഏപ്രിൽ നാലിന് പ്രചാരണത്തിന്റെ സമാപനം കുറിച്ചുള്ള റോഡ് ഷോയിലും പങ്കെടുത്തു.കൊവിഡ് പോസിറ്റീവായ മുഖ്യമന്ത്രിയുടെ മകൾ പി.പി.ഇ കിറ്റ് ധരിച്ചാണ് വോട്ടു ചെയ്ത്. പിന്നീട് മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പിണറായി സർക്കാർ അധികാരത്തിലെത്തി അധികം ദിവസം കഴിയും മുമ്പാണ് തീരദേശത്തെ നടുക്കിയ ഓഖി ദുരന്തമെത്തുന്നത്. പ്രശ്നത്തിൽ സന്ദർഭോചിതമായി ഇടപെടാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞു. 2018 ലെ മഹാ പ്രളയമാണ് പിണറായി സർക്കാരിന്റെ യഥാർത്ഥ മാറ്റുരച്ചത്. തുടർച്ചയായെത്തിയ ദുരന്ത കുത്തൊഴുക്കിൽ സംസ്ഥാനം പകച്ചപ്പോൾ, സെക്രട്ടേറിയറ്റിലെ തന്റെ ഓഫീസ് മുറിയിലിരുന്ന് അചഞ്ചലനായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ജനങ്ങൾക്ക് ആത്മവിശ്വാസം പകരാനും കഴിഞ്ഞ മുഖ്യമന്ത്രി, കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായി
2019ലെ പ്രളയകാലത്തും നിപ്പ വൈറസ് ആക്രമണകാലത്തും കേരളം വിറയ്ക്കാതെ നിന്നത് കരുത്തനായ മുഖ്യമന്ത്രിയുടെ നേതൃബലത്തിലാണ്. ലോകത്തെ വിറപ്പിച്ച കൊവിഡ് കേരളത്തെ വിഴുങ്ങാനെത്തിയ തുടക്ക നാളുകളിലും ചിട്ടയായി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. പക്ഷേ, കൊവിഡിന്റെ രണ്ടാം വരവിൽ, ഭരണ സിരാകേന്ദ്രത്തിൽ കടിഞ്ഞാൺ കൈയിലെടുക്കാൻ മുഖ്യമന്ത്രിയില്ലാതെവന്നത് സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല.
കുടുംബ ബന്ധത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്യണോ?-മുഖ്യമന്ത്രി
കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ടോയെന്ന് വാർത്താലേഖകരോട്മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് മുഖ്യമന്ത്രി ഭാര്യയ്ക്കൊപ്പം യാത്ര ചെയ്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നാലാം തീയതി എനിക്ക് രോഗമൊന്നും ബാധിച്ചിട്ടില്ല. ആറാം തീയതി വോട്ടു ചെയ്യാൻ പോയ ശേഷം. ഏഴാം തീയതിയും പൂർണ ആരോഗ്യവാനാണ്. കൊവിഡ് ടെസ്റ്റ് ചെയ്യാനിടയായത് എന്തെങ്കിലും രോഗബാധയോ ലക്ഷണങ്ങളോ ഉണ്ടായിട്ടല്ല. മകൾക്ക് രോഗബാധയുണ്ടായതിനാലാണ്. അപ്പോഴാണ് പോസിറ്റീവാണെന്ന് കാണുന്നത്. അതിന് ശേഷവും ഒരാരോഗ്യ പ്രശ്നവും എനിക്കുണ്ടായിട്ടില്ല. ഭാര്യയ്ക്കൊപ്പം യാത്ര ചെയ്തത് കുടുംബബന്ധത്തിന്റെ കാര്യമാണ്. ചില കുടുംബങ്ങളിൽ അങ്ങനെയുണ്ടോ എന്നെനിക്കറിയില്ല. സാധാരണ കുടുംബത്തിലതൊക്കെ ഉള്ളതാണ്. എനിക്കും കൊച്ചുമകനും രോഗബാധയുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു.അങ്ങനെ വന്നപ്പോൾ ഞങ്ങൾ ഒരുമിച്ച് പോയിട്ടുണ്ടെന്നത് ശരിയാണ്. രണ്ട് ദിവസം കഴിഞ്ഞുള്ള ടെസ്റ്റിൽ അവർക്കും രോഗബാധയുണ്ടെന്ന് കണ്ടെത്തി. അതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടാവുന്നില്ല. പിന്നെ വീട്ടിൽ കഴിയേണ്ട കാര്യമേ വരുന്നുള്ളു. എന്റെ ഭാര്യ എന്റെ കൂടെ അങ്ങോട്ടുംതിരിച്ചിങ്ങോട്ടും വന്നത് ഞാനായതു കൊണ്ട് വിവാദമായെന്നേയുള്ളു.- മുഖ്യമന്ത്രി പറഞ്ഞു.