തിരുവനന്തപുരം: തിരുമലയ്‌ക്ക് സമീപം തകർന്ന കെട്ടിടത്തിൽ മദ്ധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വട്ടിയൂർക്കാവ് പൊലീസ് പറഞ്ഞു. തിരുമല വലിയവിള പുലിയനംപുറം സ്വദേശി അജിത്തിനെയാണ് (55) തിങ്കളാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. നല്ലിയൂർക്കോണത്തെ കുളത്തിന് സമീപമുള്ള കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ പരിസരവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. അഴുകിത്തുടങ്ങിയ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
സ്ഥിരം മദ്യപാനിയായ ഇയാൾ ഭാര്യയുമായി വഴക്കിട്ട് ഏറെ നാളായി ഈ കെട്ടിടത്തിലായിരുന്നു താമസം. കൂലിപ്പണിക്കാരനായിരുന്നു അജിത്ത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നതെങ്കിലും പ്രാഥമിക നിഗമനത്തിൽ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി.