anagha-

കാസർകോട്: ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ ബിടെക് ബിരുദധാരി, പെരിയ മുത്തനടുക്കം സ്വദേശി മണികണ്ഠന്റെ മകൾ അനഘയ്ക്ക് സന്തോഷ കണ്ണീർ. പഠനത്തിലും വെള്ളരി കൃഷിയിലും ഫുൾ എ പ്ലസ് ആണ് അനഘയ്ക്ക്. പക്ഷെ തന്റെ പഠനത്തിന് കരുതൽ ആയിരുന്ന അച്ഛന്റെ നൂറുമേനി വെള്ളരി കൃഷിയിൽ കിട്ടിയ വെള്ളരിക്ക് വിപണിയിൽ എ പ്ലസ് വാങ്ങാൻ കഴിയാത്ത സങ്കടമായിരുന്നു ഈ മിടുക്കിക്ക്. എന്നാൽ പഠിപ്പിച്ച അദ്ധ്യാപകൻ വിപണി സാദ്ധ്യത തുറന്നു നൽകിയതോടെ അനഘയുടെ മനം നിറഞ്ഞു.

അനഘയുടെ പിതാവ് അറിയപ്പെടുന്ന കർഷകനാണ്. വെള്ളരി കൃഷിയിലാണ് പ്രിയം. ഇത്തവണ അറുപത് ക്വിന്റലിനടുത്ത് വിളവ് കിട്ടി. നൂറുമേനിയിൽ കുടുംബം സന്തോഷത്തിലുമാണ്. പക്ഷെ, വിപണിയില്ലാതെ, വിൽപന നടത്താൻ പറ്റാതെ തന്റെ വീട്ടിൽ ഓലഷെഡ്ഡിൽ മുഴുവനും സൂക്ഷിച്ച് വെച്ചു. ഈ ദയനീയമായ അവസ്ഥ, അനഘയുടെ പ്ലസ്ടു പഠനത്തിൽ മലയാളം അധ്യാപകനായിരുന്ന രതീഷ് പിലിക്കോടിനെ വാട്‌സ്ആപ് വഴി അറിയിക്കുകയാണ് അനഘ ചെയ്തത് . മാഷ്, വിഷയം ഗൗരവമായി ഏറ്റെടുത്തു. പല കാലങ്ങളിലായി സ്‌കൂളിൽ പഠിച്ച കുട്ടികളെയും സഹപ്രവർത്തകരേയും കാര്യം ബോധിപ്പിച്ചു. സുഹൃത്തും, സാമൂഹ്യ പ്രവർത്തകനുമായ സജി വാതപ്പള്ളി തന്റെ കാറിൽ വെള്ളരിക്കയുമായി ആവശ്യക്കാരുടെ വീട്ടിലെത്തി. പൊയിനാച്ചി പള്ളിയിലെ ഫാദറടക്കം നിരവധി പേർ വെള്ളരിക്ക വാങ്ങി. ഇങ്ങനെ മുഴുവൻ വെള്ളരിക്കയും കിലോവിന് 15 രൂപക്ക് വിറ്റു തീർന്നു. സമൂഹ മാദ്ധ്യമങ്ങളിൽ വിഷയം പ്രചരിച്ചതോടെ ഒരുപാട് പേർ വീട്ടിലെത്തി പത്തും, ഇരുപതും കിലോ നാടൻ വെള്ളരിക്ക വാങ്ങുകയും ചെയ്തു. മാർക്കറ്റിൽ ഡിമാൻഡ് ഇല്ലാത്തതിനാൽ കെട്ടിക്കിടന്ന വെള്ളരി മുഴുവൻ വിട്ടുപോയതിന്റെ സന്തോഷം പങ്കിടുകയാണ് അനഘ. പെരിയയിലെ നിരവധി വീടുകളിൽ വെള്ളരി എത്തിച്ചു വിപണി വിപ്ലവം സൃഷ്ടിക്കുകയായിരുന്നു രതീഷും സുഹൃത്തുക്കളും പൂർവ്വവിദ്യാർത്ഥികളും.


ബൈറ്റ്

സ്‌കൂൾ ഗ്രൂപ്പുകളിലും സുഹൃത്തുക്കളുടെ ഗ്രൂപ്പുകളിലും പഠനത്തിൽ മിടുക്കിയായ അനഘയുടെ സങ്കടം പോസ്റ്റ് ചെയ്തപ്പോൾ എല്ലാവരും അത് ഏറ്റെടുത്തു. വെള്ളരി എളുപ്പം വിറ്റുപോയി.

രതീഷ് പിലിക്കോട്

(അദ്ധ്യാപകൻ, ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്‌കൂൾ)