
ഒ.പിയിൽ ഒരു ചികിത്സാ വിഭാഗത്തിൽ പരമാവധി 200 രോഗികൾ മാത്രം
മാസ്ക് ധരിക്കാത്ത കൂട്ടിരിപ്പുകാരെ പുറത്താക്കും
തിരുവനന്തപുരം: രണ്ടാംഘട്ട കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയന്ത്രണം കർശനമാക്കി. ഒ.പിയിൽ ഒരു ചികിത്സാവിഭാഗത്തിൽ പരമാവധി 200 രോഗികൾക്ക് മാത്രമായിരിക്കും പ്രവേശനം. മറ്റ് രോഗികൾക്ക് ചികിത്സ സംബന്ധിച്ച് വിദഗ്ദ്ധാഭിപ്രായം തേടാൻ ടെലിമെഡിസിൻ സംവിധാനം ഊർജ്ജിതമാക്കി. ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഒ.പി സമയം. രാവിലെ ഏഴു മുതൽ പതിനൊന്നര വരെ ടോക്കൺ നൽകും. ഒ.പി ഇല്ലാത്ത ദിവസങ്ങളിലും ടെലിമെഡിസിൻ സംവിധാനം വഴി രോഗികൾക്ക് ഡോക്ടറുടെ ഉപദേശം തേടാം. മരുന്നു കുറിപ്പുകളും ഡൗൺലോഡ് ചെയ്‌തെടുക്കാൻ സൗകര്യമൊരുക്കി. എന്നാൽ ഡോക്ടറെ നേരിട്ടു കാണേണ്ട അടിയന്തര പ്രാധാന്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തി ചികിത്സ തേടാനും അവസരമൊരുക്കിയിട്ടുണ്ട്. അത്യാവശ്യമില്ലാത്ത ശസ്ത്രക്രിയകൾ മാറ്റി വയ്ക്കും. ഒരു രോഗിയോടൊപ്പം ഒരു കൂട്ടിരിപ്പുകാരനെ മാത്രമേ അനുവദിക്കൂ. കൂട്ടിരിപ്പുകാർ മാറി മാറി ഇരിക്കുന്നതും വിലക്കിയിട്ടുണ്ട്. കൂട്ടിരിപ്പുകാരൻ കഴിവതും വാക്സിൻ സ്വീകരിച്ച വ്യക്തിയായിരിക്കേണ്ടതാണ്. മാസ്ക് ധരിക്കൽ, സാമൂഹിക അകലം, കൈകഴുകൽ എന്നിവ കർശനമായി പാലിക്കണം.മാസ്ക് ധരിക്കാത്തവരെ ആശുപത്രിയിൽ നിന്നും പുറത്താക്കും.
ആശുപത്രിയിലെ ജോലി ക്രമീകരണം സംബന്ധിച്ച ജീവനക്കാരുടെ സംഘടനകളുടെ പരാതികൾ പരിഹരിച്ചിട്ടുണ്ട്. കൊവിഡ് ഡ്യൂട്ടിയുമായി ജീവനക്കാർ പൂർണമായി സഹകരിക്കുമെന്ന് സർവീസ് സംഘടനകളുടെ പ്രതിനിധികൾ ഉറപ്പുനൽകിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.