തിരുവനന്തപുരം: ബെവ്കോയിലെ നിയമനവുമായി ബന്ധപ്പെട്ട് സരിത എസ്.നായർ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനുമായി സംസാരിച്ചതായി പുറത്തു വന്ന ശബ്ദരേഖ അടിസ്ഥാനമില്ലാത്തതാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ബിവറേജസ് കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് എക്സൈസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രതീഷെന്ന പ്രതിയെ നെയ്യാറ്റിൻകര പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.അഡ്മിനിസ്ട്രേഷൻ മാനേജരുടെ പേരിൽ വ്യാജ കത്തുണ്ടാക്കി കള്ള ഒപ്പിട്ടാണ് തട്ടിപ്പ് നടത്തിയത്. ബെവ്കോയിൽ സ്വീപ്പർ കം സ്കാവഞ്ചർ ഒഴികെ എല്ലാ തസ്തികയിലും പി.എസ്.സി വഴിയാണ് നിയമനം.സ്വീപ്പർ തസ്തികയിൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴിയും കോർപ്പറേഷൻ നേരിട്ട് നിയമനം നടത്തുന്നില്ല. സരിതയും സംഘവും ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുകയാണുണ്ടായത്. പണം കൊടുത്തവരെ വിശ്വസിപ്പിക്കാനാണ് മന്ത്രിയുമായി സംസാരിച്ചു എന്നൊക്കെ അവരോട് തട്ടിവിട്ടതെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.