തിരുവനന്തപുരം: പട്ടം കേന്ദ്രീയ വിദ്യാലയത്തിന്റെ ചുമരുകളിൽ ചിത്രകാരനും മ്യൂറലിസ്റ്റുമായ ഓഷീൻ ശിവ ഒരുക്കിയ ' ബെറ്റർ ടുഗെദർ ' കൗതുകമാകുന്നു. മനുഷ്യരും ആവാസ വ്യവസ്ഥയും തമ്മിലുള്ള ബന്ധമാണ് ഈ മ്യൂറൽ ചിത്രത്തിന്റെ ഇതിവൃത്തം.
പബ്ലിക് ആർട്ട് പ്രൊജക്ടുകളുടെ സംഘാടകരായ സെയ്ന്റ് ആർട് ഇന്ത്യ ഫൗണ്ടേഷനും ഏഷ്യൻ പെയിന്റ്സും പ്രമുഖ കലാകാരന്മാരുടെ സഹായത്തോടെ പൊതു ഇടങ്ങളിലെ പ്രത്യേക സ്ഥലങ്ങളിൽ ചിത്രങ്ങൾ വരയ്‌ക്കുന്നതിന്റെ ഭാഗമായാണിത് ഒരുക്കിയത്. കേന്ദ്രീയ വിദ്യാലയ സ്‌കൂളിന്റെ ചുവരുകളിൽ രണ്ട് കുട്ടികൾ മൃഗങ്ങളുമായി കളിച്ചുല്ലസിക്കുന്നതാണ് വരച്ചിട്ടുള്ളത്. സുസ്ഥിരതയുള്ള ജീവിതശൈലീ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പട്ടം കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ അജയ് കുമാർ പറഞ്ഞു. മ്യൂറൽ ചിത്രങ്ങളിലൂടെ ഈ സന്ദേശം പ്രചരിപ്പിക്കാൻ കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.