rafeek

കഴക്കൂട്ടം: രോഗികളെ പരിശോധനാകേന്ദ്രത്തിലേക്ക് എത്തിക്കാൻ ആരും മുന്നോട്ട് വരാത്ത സാഹചര്യത്തിൽ സ്വയം ഡ്രൈവറായി പഞ്ചായത്തംഗം. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ തിരുവെള്ളൂർ വാർഡിൽ കൊവിഡ് രോഗിയുള്ള വീട്ടിലെ ആളുകളെയാണ് അസുഖബാധിതരായതിനെ തുടർന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ അഡ്വ. റഫീഖ് സ്വയം വാഹനമോടിച്ച് കൊവിഡ് പരിശോധനാകേന്ദ്രത്തിൽ എത്തിച്ചത്.

കൊവിഡ് രോഗികളായതിനാൽ ഓട്ടോറിക്ഷയോ ടാക്സിയോ രോഗികളെ കൊണ്ടുപോകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് റഫീഖ് തയ്യാറായി മുന്നോട്ടുവന്നത്. പി.പി.ഇ കിറ്റും മാസ്കും ഗ്ലൗസും ധരിച്ച് രോഗികളുടെ വാഹനത്തിന് ഡ്രൈവറായി മാറിയ ചെയർമാൻ വഞ്ചിയൂർ കോടതിയിലെ അഡ്വക്കേറ്റും ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയും സി.പി.എം കണിയാപുരം ലോക്കൽ കമ്മിറ്റി അംഗവുമാണ്. കൊവിഡ് രോഗികൾ കൂടുതലുള്ള അണ്ടൂർക്കോണം പഞ്ചായത്തിൽ രോഗപ്രതിരോധത്തിനായി കരുതൽ എടുത്തിട്ടുള്ളതായി പ്രസിഡന്റ് ഹരികുമാർ അറിയിച്ചു.