ശ്രീകാര്യം: സാംസ്‌കാരിക ഇടനാഴിയായ നഗരത്തിലെ മാനവീയംവീഥിയുടെ മാതൃകയിൽ ടെക്നോപാർക്കിൽ കാര്യവട്ടം കാമ്പസിന് സമീപത്തായി സജ്ജമാക്കുന്ന അക്ഷരവീഥിയുടെ നിർമ്മാണം ഇഴയുന്നു. മൂന്നുവർഷം മുമ്പ് 5 കോടി രൂപ വകയിരുത്തി നിർമ്മാണം ആരംഭിച്ച പദ്ധതിയിലെ പ്രധാന ഭാഗമായ കാര്യവട്ടം - അരശുംമൂട് റോഡിന്റെ നവീകരണം പൂർത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞു. റോഡിന്റെ ഇരുവശങ്ങളും വീതി കൂട്ടി ഓടയും തറയോടുകൾ പാകിയ നടപ്പാതകളും സജ്ജമാക്കി. എന്നാൽ മറ്റ് പണികൾ ഇനിയും ആരംഭിച്ചിട്ടില്ല. ടെക്നോപാർക്കിന്റെ കിഴക്കേ കവാടം മുതൽ കാമ്പസിന്റെ സമീപം വരെയുള്ള ഒരു കിലോമീറ്റർ റോഡാണ് സാംസ്കാരിക ഇടനാഴിയാക്കി മാറ്റുന്നത്. ഒരു മാസം കൊണ്ട് തീർക്കേണ്ട ചെറിയ പണികൾ വൈകിപ്പിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. തിരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും അതിന് കഴിഞ്ഞിരുന്നില്ല. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിനാണ് നിർമ്മാണച്ചുമതല.
പദ്ധതി ഇങ്ങനെ
തൃപ്പാദപുരം ക്ഷേത്രത്തിന് മുന്നിലൂടെ അരശുംമൂട് ജംഗ്‌ഷൻ വരെ 2.8 കിലോമീറ്റർ നീളത്തിൽ നിലവിലെ റോഡ് ബി.എം ആന്റ് ബി.സി സാങ്കേതിക വിദ്യയിൽ നവീകരിച്ചിരുന്നു. ലേഡീസ് ഹോസ്റ്റൽ മുതലുള്ള ഭാഗത്ത് കാമ്പസിന്റെ സുരക്ഷ മുൻനിറുത്തി ഉയരമുള്ള കോൺക്രീറ്റ് ഭിത്തികൾ ഇവിടെ നിർമ്മിച്ചു. ഈ ഭിത്തിയിൽ ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികളുടെയും കലാകാരന്മാരുടെയും സഹകരണത്തോടെ ചുമർ ചിത്രങ്ങൾ ഉൾപ്പെടുത്തി ആർട്ട് ഗാലറികൾ സൃഷ്ടിക്കുമെന്നായിരുന്നു പ്രഖ്യാപനം. അമ്പലത്തിൻകരയിൽ പ്രവേശനകവാടവും വീഥിയുടെ ഇരുവശത്തും തണൽമരങ്ങളും ചെടികളും വച്ചുപിടിപ്പിക്കുമെന്നും എൽ.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുമെന്നും പറഞ്ഞിരുന്നു, എന്നാൽ ഇതൊന്നും നടപ്പായില്ല.
റോഡിന്റെ ആകെ നീളം -2.8 കിലോ മീറ്റർ
സാംസ്കാരിക ഇടനാഴി - 1 കിലോ മീറ്റർ
പദ്ധതിത്തുക - 5 കോടി