s


ഇന്നലെ 1,881  രോഗമുക്തി - 552  ആകെ രോഗികൾ - 9,027

തിരുവനന്തപുരം:ജില്ലയിൽ ആശങ്കയുയർത്തി കൊവിഡ് വ്യാപനം. ഇന്നലെ 1881 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കൊവിഡ് കേസുകൾ ആയിരം കടക്കുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1,524 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 10 പേർ ആരോഗ്യ പ്രവർത്തകരാണ്. 552 പേർ രോഗമുക്തി നേടി. 9,027 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. ദിനംപ്രതി രോഗികളുടെ എണ്ണത്തിൽ വരുന്ന വലിയ വർദ്ധന വെല്ലുവിളിയായി തുടരുകയാണ്. ചൊവ്വാഴ്ച 1,490 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിന് മുൻപുള്ള മൂന്ന് ദിവസങ്ങളിലും രോഗികളുടെ എണ്ണം 900 കടന്നിരുന്നു. ശനി 909, ഞായർ 990, തിങ്കൾ 981 എന്നിങ്ങനെയായിരുന്നു രോഗികളുടെ എണ്ണം. ഓരോ ദിവസവും രോഗമുക്തി നേടുന്നവരുടെ എണ്ണത്തെക്കാൾ ഇരട്ടിയിലധികം പേരാണ് രോഗബാധിതരാവുന്നത്.ഇന്നലെ രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 3,067 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 34,390 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. 100 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.

 മറക്കരുതേ...

മാസ്ക് നിർബന്ധം

സാനിറ്റൈസറോ സോപ്പോ ഇടയ്ക്കിടെ ഉപയോഗിക്കുക

അനാവശ്യ യാത്രകൾ ഒഴിവാക്കുക

ആൾക്കൂട്ടങ്ങളിൽ നിന്ന് പരമാവധി ഒഴിഞ്ഞ് നിൽക്കുക

രോഗലക്ഷണങ്ങളുണ്ടെങ്കിൽ മുൻകരുതലുകൾ സ്വീകരിക്കുക

പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ സുരക്ഷാ നിർദ്ദേശം പാലിക്കുക