തിരുവനന്തപുരം: കൊവിഡ് വാക്സിൻ വാങ്ങാൻ കേന്ദ്ര സർക്കാർ കേരളത്തിന് ഫണ്ട് അനുവദിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
പാർട്ടി സംസ്ഥാന ഘടകത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. പുതിയ വാക്‌സിൻ നയം കേന്ദ്രം തന്നെ സൃഷ്ടിച്ച ഗുരുതര രോഗ സാഹചര്യമാണെന്നും, അതിൽ നിന്ന് ഒഴിഞ്ഞുമാറി എല്ലാ ഉത്തരവാദിത്വങ്ങളും സംസ്ഥാനങ്ങളുടെ മേൽവയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.
വാക്‌സിൻ വിതരണം വർദ്ധിപ്പിക്കാതെ, വിൽപ്പന ഉദാരമാക്കുന്നതും വില നിയന്ത്രണം എടുത്തുകളയുന്നതുമാണ് പുതിയ നയം. പര്യാപ്തമായ അളവിൽ വാക്‌സിൻ ലഭ്യമാക്കാൻ ഒരു വർഷത്തിനിടെ കേന്ദ്രം നടപടിയെടുത്തില്ല. പുതിയ നയം മൂലം കോടിക്കണക്കിന് പേർക്ക് ഉയർന്ന വിലയിൽ വാക്‌സിൻ വാങ്ങാനാകാത്ത സാഹചര്യമുണ്ടാകും. ഇതുവരെ സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകിയിരുന്നത് ഇനി മുതൽ പൊതുവിപണിയിൽ നിന്ന് പണം കൊടുത്ത് വാങ്ങണം. വാക്‌സിൻ നിർമാതാക്കൾക്ക് ഇഷ്ടമുള്ള വില ഈടാക്കാം. ഇതോടെ വലിയവിഭാഗം ജനത വാക്‌സിൻ പ്രക്രിയയ്ക്ക് പുറത്താകും. കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനും വഴി വയ്ക്കും.വാക്‌സിൻ യജ്ഞം സൗജന്യവും സാർവത്രികവുമാകണം.