വർക്കല: ഇടവ വില്ലേജ് ഓഫീസർ ജൂലി വരദരാജനെ ഇടവ ഗ്രാമപഞ്ചായത്തിലെ മുൻ മെമ്പർ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി പരാതി. ഇന്നലെ വൈകിട്ട് 3.30ഓടെയാണ് സംഭവം. അയിരൂർ സി.ഐ,​ വർക്കല ഡിവൈ.എസ്.പി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ഇടവ സ്വദേശിയുടെ പരാതി കേൾക്കുന്നതിനിടെ ഓഫീസിനുള്ളിൽ അതിക്രമിച്ചുകയറിയാണ് മുൻപഞ്ചായത്തംഗം കൈയേറ്റത്തിന് ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. ജില്ലാകളക്ടർക്ക് പരാതി നൽകിയതിനെ തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കളക്ടർ റൂറൽ എസ്.പിക്ക് നിർദ്ദേശം നൽകി. പൊലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.