കുളത്തൂർ: വലിയതുറയിലേയും കഴക്കൂട്ടം മേനംകുളത്തെയും സപ്ളൈകോ ഗോഡൗണുകളിൽ പൊലീസിന്റെ വിജിലൻസ് വിഭാഗം പരിശോധന നടത്തി. ഇന്നലെ രാവിലെ 11ഓടെ ഇരു ഗോഡൗണുകളിലും ഒരേസമയമാണ് പരിശോധന നടത്തിയത്. മേനംകുളത്തെ പരിശോധന ഉച്ചക്ക് പന്ത്രണ്ടരയോടെ അവസാനിച്ചു. വലിയതുറയിൽ സ്റ്റോക്കിൽപ്പെടാത്ത പല സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരുന്നതായും അധികമായി സൂക്ഷിച്ച് കേടായ ഭക്ഷ്യധാന്യങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയതായും വിവരമുണ്ട്. കേടായ ഭക്ഷ്യധാന്യങ്ങൾ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു. കൂടാതെ നിയമങ്ങൾ തെറ്റിച്ച് അനധികൃതമായി ഒരാൾ തന്നെ മൂന്നുവർഷത്തിലേറെ കസ്റ്റോഡിയനായി തുടരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ നടപടിക്ക് ശുപാർശ ചെയ്യും. സപ്ലൈകോയിൽ വിജിലൻസ് പല തവണ ക്രമക്കേട് കണ്ടെത്തിയെങ്കിലും നടപടികൾ ഉണ്ടായില്ലെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു. നിരവധി പരാതികൾ വിജിലൻസിന് കിട്ടിയതോടെയാണ് പരിശോധന.