കാട്ടാക്കട: നേമം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ വീട്ടിലേക്ക് പോകവെ സ്കൂട്ടറിലെത്തിയ യുവാവ് നാലര പവന്റെ സ്വർണമാല പൊട്ടിച്ച് കടന്നു. കണ്ടല ഇറയാംകോട് പ്രഭാ നിവാസിൽ ശാന്താ പ്രഭാകരന്റെ മാലയുമായാണ് മോഷ്ടാവ് കടന്നത്. ബുധനാഴ്ച വൈകിട്ട് 6.30ഓടെയാണ് സംഭവം. തൂങ്ങാംപാറയിൽ നിന്ന് വീട്ടിലേക്ക് പോകവെ പിന്നാലെ സ്കൂട്ടറിൽ വന്ന യുവാവ് കഴുത്തിൽ കിടന്ന മാല പൊട്ടിക്കുകയായിരുന്നു. പിടിവലിക്കിടയിൽ മാലയുടെ ഒരുഭാഗം തിരികെ കിട്ടി. ബഹളം കേട്ട് സമീപവാസികൾ എത്തുന്നതിന് മുൻപ് മോഷ്ടാവ് കടന്നുകളഞ്ഞു. കാട്ടാക്കട ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.