തിരുവനന്തപുരം: കേന്ദ്രത്തിന്റെ അപ്പോസ്തലന്മാരെന്ന് പറഞ്ഞ് ഇവിടെ വന്ന് വിതണ്ഡവാദങ്ങൾ ഉന്നയിച്ചാൽ ഇപ്പോഴത്തെ അന്തരീക്ഷം മോശമാവുമെന്നും,നാട്ടിൽ യോജിപ്പിന്റെ അന്തരീക്ഷം നഷ്ടപ്പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു..സംസ്ഥാനത്തെ വാക്സിൽ ക്ഷാമവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി വി.മുരളീധരൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അവരുദ്ദേശിക്കുന്ന കാര്യം എന്താണെന്ന് പിടിയില്ല. വാക്സിൻ തരാനുള്ള ബാദ്ധ്യത കേന്ദ്രത്തിനുള്ളതാണ്.അതാണ് അറിയിച്ചത്. ഇങ്ങനൊരു പോരാട്ടം വരുമ്പോൾ കൂടുതൽ ഭാരം സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്ന് കേന്ദ്രത്തെ അറിയിക്കുന്നതിൽ ഒരു രാഷ്ട്രീയവുമില്ല.
സംസ്ഥാന ഗവൺമെന്റ് ചെയ്യേണ്ട കാര്യങ്ങൾ ഫലപ്രദമായി ചെയ്യും. കേന്ദ്ര മന്ത്രിക്ക് മറുപടി പറഞ്ഞാൽ ഇപ്പോഴുള്ള അന്തരീക്ഷമല്ല ഉണ്ടാവുക. വലിയ തോതിലുള്ള രോഗവ്യാപനമാണ് നേരിടുന്നത്. അതിനാവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണം . കേന്ദ്രം വഹിക്കാനുള്ള ബാദ്ധ്യത വഹിക്കണം. ഇതിൽ അല്പം ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ കാണുന്നതാണ് നല്ലത്. സംസ്ഥാനത്തിന് ഇത്തരത്തിലുള്ള സാമ്പത്തിക ബാദ്ധ്യത ഏറ്റെടുക്കാൻ പ്രയാസമുണ്ട്. കേന്ദ്ര ഗവൺമെന്റ് ഇക്കാര്യത്തിൽ പ്രതികരിക്കണം. അത് ഇപ്പറഞ്ഞവരുടെ പ്രതികരണമായിട്ടല്ല വരുകയെന്ന് കരുതാം- മുഖ്യമന്ത്രി വ്യക്തമാക്കി.